ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യ x ഖത്തർ പോരാട്ടം ഇന്ന്
Tuesday, November 21, 2023 12:57 AM IST
ഭുവനേശ്വര്‍: ഫിഫ ലോകകപ്പ് യോഗ്യത ഏഷ്യന്‍ മേഖല രണ്ടാം റൗണ്ട് മത്സരത്തില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് ശക്തരായ ഖത്തറിനെതിരേ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണു മത്സരം.
ഇഗോര്‍ സ്റ്റിമാച്ചിനു കീഴില്‍ കളിക്കുന്ന ഇന്ത്യ 16നു നടന്ന ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തില്‍ 1-0ന് കുവൈറ്റിനെ പരാജയപ്പെടുത്തിയിരുന്നു. ഖത്തര്‍ ആദ്യമത്സരത്തില്‍ 8-1നാണ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് എയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കും 2027 ഏഷ്യന്‍ കപ്പിന് നേരിട്ടും യോഗ്യത നേടും.
യോഗ്യതാ ഘട്ടത്തിലെ ആദ്യ എവേ മത്സരംതന്നെ ജയിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യക്ക് . 22 വര്‍ഷത്തിനുശേഷമാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ എവേ മത്സരത്തില്‍ ഇന്ത്യ ജയം നേടുന്നത്.
അഫ്ഗാനെതിരേ നാലു ഗോള്‍ നേടിയ ഖത്തര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ അല്‍മോസ് അലിയെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ പ്രതിരോധമാകും സ്റ്റിമാച്ച് തീര്‍ക്കുക. സന്ദേശ് ജിംഗനൊപ്പം രാഹുല്‍ ഭേകെ, ആകാശ് മിശ്ര, നിഖില്‍ പൂജാരി എന്നിവരാകും പ്രതിരോധ കോട്ടയില്‍ നില്ക്കുക. കുവൈറ്റിനെതിരേ മികച്ച പ്രകടനം നടത്തിയ ലലിയാന്സുല ചാങ്തെയെ ആദ്യ പതിനൊന്നില്‍ തന്നെ കളിപ്പിക്കാനും സാധ്യതയുണ്ട്. ചാങ്തെയുടെ പാസില്നിന്നാണു മന്‍വീർ സിംഗ് വിജയ ഗോള്‍ നേടിയത്.
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ദുവിന്റെ പ്രകടനം നിര്‍ണായകമാകും. മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ ദോഹയില്‍വച്ച് നേരിട്ടപ്പോള്‍ ഗുര്‍പ്രീത് ഗോള്‍വഴങ്ങാതെ വലകാത്തിരുന്നു.