ഇന്ത്യ ലോകകപ്പ് ഫൈനലിൽ
Thursday, November 16, 2023 1:48 AM IST
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ചരിത്രം കുറിച്ച് വിരാട് കോഹ്ലിയുടെ 50-ാം ഏകദിന സെഞ്ചുറി പിറന്ന മത്സരത്തിൽ ന്യൂസിലൻഡിനെ സെമിയിൽ 70 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റണ്‍സ് നേടി. ന്യൂസിലൻഡിന്റെ മറുപടി 48.5 ഓവറിൽ 327 റണ്‍സിൽ അവസാനിച്ചു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചുറിയിൽ അർധസെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്ററാണ് മുപ്പത്തഞ്ചുകാരനായ കോഹ്ലി. ന്യൂസിലൻഡിനെതിരായ സെമിയിൽ 113 പന്തിൽ രണ്ട് സിക്സും ഒന്‍പത് ഫോറും അടക്കം കോഹ്ലി 117 റണ്‍സ് നേടി.
2012ൽ ബംഗ്ലാദേശിനെതിരേ 49-ാം സെഞ്ചുറി തികച്ച സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. 11 വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡ് സ്വന്തം പേരിൽ കൊണ്ടുനടന്ന ക്രിക്കറ്റ് ചക്രവർത്തിയായ സച്ചിനെ സാക്ഷിയാക്കിയായിരുന്നു കിംഗ് കോഹ്ലിയുടെ 50-ാം ശതകം.
സച്ചിന്റെ പേരിലുണ്ടായിരുന്ന മറ്റ് രണ്ട് റിക്കാർഡും കോഹ്ലി തിരുത്തിയെന്നതും ശ്രദ്ധേയം. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റണ്‍സ്, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ 50+ സ്കോർ എന്നീ സച്ചിന്റെ റിക്കാർഡുകളും കോഹ്ലി സ്വന്തമാക്കി.
2023 ലോകകപ്പിൽ അഞ്ച് അർധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉൾപ്പെടെ 711 റണ്‍സ് കോഹ്ലി ഇതുവരെ നേടി. 2003 ലോകകപ്പിൽ ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടെ 673 റണ്‍സ് നേടിയ സച്ചിന്റെ റിക്കാർഡ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്നലെ കുറിച്ച 397/4. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിക്കുന്നത് ഇത് നാലാം തവണയാണ്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. 2011ൽ എം.എസ്. ധോണിയുടെ കീഴിലും ലോക ചാന്പ്യന്മാരായി. 2003ൽ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചെങ്കിലും തോൽവി വഴങ്ങി.
കോഹ്ലിക്കൊപ്പം 70 പന്തിൽ 105 റൺസുമായി തിളങ്ങിയ ശ്രേയസ് അയ്യറും ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തേകി. ഡാരെൽ മിച്ചലിന്റെ (119 പന്തിൽ 134) സെഞ്ചുറി ബലത്തിൽ ന്യൂസിലൻഡ് നടത്തിയ പ്രത്യാക്രമണം ഇന്ത്യയെ ഞെട്ടിച്ചു.
എന്നാൽ, 9.5 ഓവറിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പേസ് ആക്രമണം ഇന്ത്യക്ക് ജയം സമ്മാനിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഒരു ബൗളർ ഏഴ് വിക്കറ്റ് വീഴ്ത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്.