ടൈംഡ് ഔട്ട്!
Tuesday, November 7, 2023 12:52 AM IST
ന്യൂഡൽഹി: ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ പുറത്താകലിന് ഇരയായി ശ്രീലങ്കന്‍ ബാറ്റര്‍ എയ്ഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരേ ന്യൂഡല്‍ഹിയില്‍ നടന്ന ഐസിസി എകദിന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായത്.
ഒരു പന്ത് പോലും നേരിടാതെ ടൈംഡ് ഔട്ടായി പുറത്താവുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ ബാറ്ററായി മാത്യൂസ്. ക്രീസിലെത്തിയശേഷം ബാറ്റിംഗിനു തയാറാകാൻ വൈകിയതിനാലാണ് വിവാദമായ ടൈംഡ് ഔട്ടിലൂടെ മാത്യൂസിന് പവലിയനിലേക്ക് തിരിച്ച് നടക്കേണ്ടിവന്നത്. മാത്യൂസിന്റെ ഹെൽമറ്റിന്റെ വള്ളിപൊട്ടിയതായിരുന്നു പുറത്താകലിലേക്ക് വഴിതെളിച്ചത്.
ലോകകപ്പിൽ രണ്ട് മിനിറ്റിനുള്ളിൽ ബാറ്റ് ചെയ്യാൻ തയാറായിരിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഔട്ട്.
ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്യുകയായിരുന്ന ലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് ശേഷമാണ് മാത്യൂസ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 3.49ന് സമരവിക്രമ പുറത്തായി. മാത്യൂസ് 3.50ന് കളത്തിലെത്തി. 3.54ന് ടൈംഡ് ഔട്ടാകുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യം
ക്രീസിലെത്തിയ മാത്യൂസ് പന്ത് നേരിടുന്നതിനു മുമ്പാണ് ഹെല്‍മറ്റിന്റെ വള്ളിപൊട്ടിയിരിക്കുന്നത് ശ്രദ്ധിച്ചത്. ഉടനെ ഡഗ് ഔട്ടിലേക്ക് പുതിയ ഹെല്മറ്റിനായി ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനോട് ചര്‍ച്ച ചെയ്തിരുന്നില്ല. ഹെല്‍മറ്റ് എത്തിയപ്പോഴേക്കും അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചിരുന്നു. ഹസന്റെ അപ്പീലിൽ അന്പയർ ഔട്ട് വിധിച്ചു.
മാത്യൂസ് അമ്പയര്‍മാരോടും ഷക്കീബ് അല്‍ ഹസനോടും വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ താരത്തിന് നിരാശനായി പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ഷക്കീബിന്റെ ഈ നിലപാട് കടുത്ത വിമർശനത്തിനും വഴിതെളിച്ചിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാറ്റർ ടൈംഡ് ഔട്ട് ആകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആറുപേർ ടൈംഡ് ഔട്ടായിട്ടുണ്ട്.

നിയമം ഇങ്ങനെ
ഒരാള്‍ പുറത്താവുകയോ റിട്ടയര്‍ ചെയ്ത് മടങ്ങുകയോ ചെയ്താല്‍ മൂന്നു മിനിറ്റിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തി പന്ത് നേരിടാന്‍ തയാറെടുക്കണമെന്നാണ് എംസിസി നിയമം. ഈ സമയത്തിനുള്ളില്‍ ക്രീസിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ടൈംഡ് ഔട്ടായി വിധിക്കും.
ലോകകപ്പില്‍ രണ്ടു മിനിറ്റിനുള്ളില്‍ ബാറ്റര്‍ ക്രീസിലെത്തി പന്ത് നേരിടാന്‍ തയാറാകണമെന്നാണ് നിയമം. ഈ വിക്കറ്റിന് ബൗളര്‍ക്ക് അവകാശമില്ല. സ്കോര്‍ കാര്‍ഡിലും ടൈംഡ് ഔട്ട് എന്ന് തന്നെയാണ് എഴുതുക.
2007ൽ ഗാംഗുലി രക്ഷപ്പെട്ടു
ടൈംഡ് ഔട്ടിൽനിന്ന് 2007ൽ ഇന്ത്യയുടെ സൗരവ് ഗാംഗുലി രക്ഷപ്പെട്ടിരുന്നു. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു അത്. ഗാംഗുലി പവലിയനില്‍നിന്ന് പുറത്തെത്താന്‍ ആറു മിനിറ്റ് എടുത്തു.
അമ്പയര്‍ ഡരല്‍ ഹാര്‍പ്പര്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തുമായി ഇക്കാര്യം ചർച്ച ചെയ്തു. എന്നാല്‍, ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്നതിനാൽ സ്മിത്ത് അപ്പീലിനു തയാറായില്ല.
യഥാർഥത്തിൽ സച്ചിന് തെണ്ടുല്‍ക്കറായിരുന്നു ക്രീസിൽ എത്തേണ്ടിയിരുന്നത്. ഫീല്‍ഡില്‍ ഇറങ്ങാതെ കളത്തിന് പുറത്ത് കൂടുതല്‍ സമയം ചെലവഴിച്ചതിനാല്‍ സച്ചിന് ആ സമയം ക്രീസിലെത്താൻ അനുമതിയില്ലായിരുന്നു. മറ്റൊരു ബാറ്ററായ വി.വി.എസ്. ലക്ഷ്മണ് ആ സമയം കുളിക്കുകയും ഗാംഗുലി ട്രാക്ക് സ്യൂട്ടിലുമായിരുന്നു.