അത്ലറ്റിക്സിലെ കേരളത്തിന്റെ ആദ്യ സ്വർണം മുഹമ്മദ് അനീസിന്
Tuesday, October 31, 2023 1:07 AM IST
പനാജി: 37-മത് ദേശീയ ഗെയിംസിന്റെ അഞ്ചാം ദിനം കേരളത്തിനു നാലു മെഡൽ. ഇരട്ടസ്വർണമുൾപ്പെടെയാണ് കേരളത്തിന്റെ മെഡൽ നേട്ടം. പുരുഷൻമാരുടെ ലോംഗ്ജംപിൽ മുഹമ്മദ് അനീസിലൂടെ കേരളം അത്ലറ്റിക്സിലെ ആദ്യ സ്വർണം സ്വന്തമാക്കി.
തന്റെ അവസാന ശ്രമത്തിൽ 8.15 മീറ്റർ ദൂരം ചാടിയാണ് അനീസ് സ്വർണമണിഞ്ഞത്. കേരള പോ ലീസിൽ ജോലിചെയ്യുന്ന അനീസ് കഴിഞ്ഞ രണ്ടു വർഷമായി ബംഗളൂരു നാഷണൽ ക്യാംപിലാണ് പരിശീലനം നടത്തുന്നത്. ഒളിംപ്യൻ മുഹമ്മദ് അനസിന്റെ സഹോദരനാണ്.
നീന്തലിൽ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് വിഭാഗത്തിൽ ഹർഷിതാ ജയറാം റിക്കാര്‍ഡോടെ സ്വർണമണിഞ്ഞു. കർണാടക സ്വദേശിയായ ഹർഷിത അവിടെ പ്രാതിനിധ്യം ലഭിക്കാതിരുന്നതിനാലാണു കേരളത്തിനായി മത്സരിച്ചത്.
നീന്തലിൽ രാവിലെ പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സജൻ പ്രകാശ് വെള്ളിനേടി. ഒരു സ്വർണവും രണ്ടു വെള്ളിയുമുൾപ്പെടെ മൂന്നു മെഡലുകളാണ് ഗെയിംസിൽ സജന്റെ നേട്ടം.
വനിതകളുടെ 400 മീറ്ററിൽ ജിസ്ന മാത്യു കേരളത്തിനായി 54.40 സെക്കന്‍ഡിൽ ഓടിയെത്തി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു താരമായ ഗൗരി നന്ദന ആറാമതായാണ് ഓടിയെത്തിയത്. പുരുഷൻമാരുടെ 400 മീറ്ററിൽ റിൻസ് ജോസഫ് (47.25) നാലാമനായി ഫിനിഷ് ചെയ്തു. വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്ര ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബീച്ച് ഫുട്ബോളിൽ ഡൽഹിയെ എതിരില്ലാത്ത ആറു ഗോളുകൾക്കു പരാജയപ്പെടുത്തി കേരള പുരുഷ ടീം സെമി ഫൈനലിൽ പ്രവേശിച്ചു.
അഞ്ചു സ്വർണം, ഒന്‍പതു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 18 മെഡലുകളുമായി കേരളം ഒന്‍പതാം സ്ഥാനത്താണ്. 47 സ്വർണവും 34 വെള്ളിയും 33 വെങ്കലവും നേടിയ മഹാരാഷ്ട്ര 114 മെഡലുകളോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
50 മെഡലുകളുമായി ഹരിയാന രണ്ടാം സ്ഥാനത്തും 33 മെഡലുകളോടെ സർവീസസ് മൂന്നാം സ്ഥാനത്തുമുണ്ട്. 29 മെഡലുകളോടെ ആതിഥേയരായ ഗോവ 18-ാം സ്ഥാനത്താണ്.