ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; ചൈനീസ് തായ്പേയ്ക്ക് ഇരട്ടസ്വര്‍ണം
Saturday, October 28, 2023 1:33 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: പൊന്മുടിയില് ആദ്യദിനം ചൈനീസ് ആധിപത്യമായിരുന്നെങ്കില്‍ ഇന്നലെ ഡൗണ്‍ഹില്‍ മത്സരത്തില്‍ ചൈനീസ് തായ്പേയിയും തായ്ലന്ഡും കുതിപ്പു നടത്തി സ്വര്‍ണത്തിന് അവകാശികളായി.
ഇതോടെ പൊന്മുടിയില് നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അയല്പക്ക രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനു വീര്യമേറി. ടൂര്‍ണമെന്റിലെതന്നെ ഏറ്റവും ആവേശകരമായ മത്സര ഇനങ്ങളില്‍ ഒന്നായ ഡൗണ്‍ ഹില്‍ മത്സരത്തില്‍ ജൂണിയര്‍ പുരുഷവിഭാഗത്തിലും എലൈറ്റ് വിഭാഗത്തിലും ചൈനീസ് തായ്പേയിയുടെ താരങ്ങള്‍ക്കാണ് സുവര്‍ണനേട്ടം.
ജൂണിയര്‍ വിഭാഗത്തില്‍ സൂചി ലിയു രണ്ടു മിനിറ്റ് 41.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ തൊട്ടു പിന്നാലെ എലൈറ്റ് വിഭാഗത്തില്‍ ഷെംഗ്ഷാന് ചിയാന്‍ രണ്ടു മിനിറ്റ് 20.10 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈനില്‍ ടച്ച് ചെയ്തപ്പോള്‍ ചൈനീസ് തായ്പേയിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പൊന്മുടി മലനിരയില്‍നിന്ന് ഇരട്ട സുവര്‍ണനേട്ടം.
വനിതകളുടെ എലൈറ്റ് ഡൗണ്‍ഹില്ലില്‍ തായ്ലന്‍ഡിന്റെ വിപാവീ ഡികാബല്ലസ് (രണ്ടു മിനിട്ടും 43 സെക്കന്‍ഡ്) സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ മിലതുല് കഖിമ വെള്ളിയും റിസ്കാ അമേലിയ അഗസ്റ്റിന് വെങ്കലവും നേടി. ഇന്നലെ ഡൗണ്‍ ഹില്‍ വിഭാഗത്തില്‍ നാലു ഫൈനലുകളാണ് നടന്നത്.
ജൂണിയര്‍ വനിതകളില്‍ ഇന്തോനേഷ്യയുടെ നില്‍ന മുര്‍ണി നിന്ഗ്തിയസ് (ഒരുമിനിറ്റ് 10.78 സെക്കന്‍ഡ്) സ്വര്‍ണവും തായ്പേയുടെ യിഷാല് ലീ വെള്ളിയും ഉസ്ബക്കിസ്ഥാന്റെ മക്പല് ബുളിബെവ വെങ്കലവും നേടി. ഇന്ത്യന്‍ വനിതാ താരങ്ങളായ ഹമോം ഉര്‍ബശി ദേവി, അനിസ ലാംറേ, പുരുഷ റൈഡര്‍ ടൈറ്റസ് മറാക്ക് എന്നിവര്‍ നിരാശപ്പെടുത്തി.
ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനമായ ഇന്ന് ആറു ഫൈനലുകളാണുള്ളത്. അണ്ടര്‍ 23, ജൂണിയര്‍ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്ട്രി ഫൈനലുകളും, എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്ട്രി ഫൈനലുകളുമാണ് ഇന്ന് നടക്കുക.