ബ്ലാസ്റ്റേഴ്സ് വീണു
Monday, October 9, 2023 12:44 AM IST
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായി മൂന്നാം ജയമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ മുംബൈ സിറ്റി തകർത്തു.
എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി 2-1ന് തോൽപ്പിച്ചു. ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. ഹൊർഗെ പെരേര ഡിയസ് (45+4’) മുംബൈയെ മുന്നിലെത്തിച്ചു. 57-ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിനു സമനില നൽകി. സമനില സ്വപ്നങ്ങൾ തകർത്ത് ലാലെങ്മാവിയ റാൽതെ (66’) മുംബൈക്കു ലീഡ് നൽകി. ജയത്തോടെ മുംബൈ രണ്ടാം സ്ഥാനത്തെത്തി.
ഐഎസ്എല്ലിൽ ഇനി ഇടവേള
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിൽ ഇന്നു മുതൽ ചെറിയ ഇടവേള. 21ന് മാത്രമേ ഇനി ഐഎസ്എല്ലിൽ വീണ്ടും പന്തുരുളുകയുള്ളൂ. ഇന്ത്യൻ ദേശീയ ടീം ക്യാന്പ് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐഎസ്എല്ലിന്റെ ഈ ഇടവേള. മലേഷ്യയിൽ നടക്കുന്ന മെർഡേക കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീം ക്യാന്പാണ് ആരംഭിക്കുന്നത്.
13 മുതൽ 17വരെയാണ് മെർഡേക കപ്പ്. ഇന്ത്യ, മലേഷ്യ, പലസ്തീൻ, തജിക്കിസ്ഥാൻ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. സെമി, ഫൈനൽ എന്നിങ്ങനെയാണ് മത്സരങ്ങൾ. മലേഷ്യക്കെതിരേ 13നാണ് ഇന്ത്യയുടെ മത്സരം. ജയിച്ചാൽ 17ന് നടക്കുന്ന ഫൈനലിൽ കളിക്കാം. പരാജയപ്പെട്ടാൽ 17ന് മൂന്നാം സ്ഥാന പോരാട്ടമുണ്ട്. പലസ്തീനും തജിക്കിസ്ഥാനും തമ്മിലുള്ള സെമി പോരാട്ടവും 13ന് നടക്കും. സഹൽ അബ്ദുൾ സമദ് മാത്രമാണ് ദേശീയ ക്യാന്പിലുള്ള ഏക മലയാളി സാന്നിധ്യം. കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച് ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ് സിംഗ് ക്യാന്പിലുണ്ട്.
ഇന്നലെ നടന്ന മുംബൈ സിറ്റി x കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെയാണ് ഐഎസ്എൽ ഇടവേളയിൽ പ്രവേശിച്ചത്. 21ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരത്തോടെ വീണ്ടും ഐഎസ്എൽ പുനരാരംഭിക്കും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. 21ന് വൈകുന്നേരം 5.30ന് ഈസ്റ്റ് ബംഗാളും എഫ്സി ഗോവയും തമ്മിലും മത്സരമുണ്ട്. ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റാണ് പോയിന്റ് പട്ടികയുടെ തലപ്പത്ത്.