ഉടച്ചുവാര്‍ത്ത് ബ്ലാസ്റ്റേഴ്സ്
Friday, September 22, 2023 1:41 AM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി. കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാർ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ ഓപ്പണറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവനിലിറങ്ങിയത്. അതായത് കഴിഞ്ഞ സീസണിലെ കളിക്കാരുമായി തട്ടിച്ചാൽ 3-8 എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പുതുമ.
ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്സണ് സിംഗ്, അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവർ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പർ ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസിന്റെ അഭാവത്തിൽ ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്.
പുതിയ മുഖങ്ങളാൽ ഏറ്റവും ശ്രദ്ധേയമായത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധമായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിലെ നാലു പേരും ഈ വേനൽക്കാല ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിൽ എത്തിയവർ.
മലയാളി യുവ മിഡ്ഫീൽഡ് താരം മുഹമ്മദ് ഐമനും ഗോൾ കീപ്പർ സച്ചിൻ സുരേഷും ഐഎസ്എൽ അരങ്ങേറ്റം നടത്തി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന വിംഗ് ബാക്ക് ജെസെൽ കാർണെയ്റൊ ബംഗളൂരുവിനൊപ്പം സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.