എഫ്എ കപ്പ് കിരീടം സിറ്റിക്ക്
Sunday, June 4, 2023 12:18 AM IST
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിന്റെ 152 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി അരങ്ങേറിയ മാഞ്ചസ്റ്റർ ഫൈനലിൽ സിറ്റിക്ക് ജയം. വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ 2022-23 സീസണ് എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി.
ഏഴാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സ്വന്തമാക്കുന്നത്. ഇതോടെ സീസണിൽ ട്രിപ്പിൾ കിരീടം എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്നം ഒരു പടികൂടി അടുത്തു.
അടുത്ത ആഴ്ച യുവേഫ ചാന്പ്യൻസ് ലീഗിൽ കപ്പ് സ്വന്തമാക്കാൻ സാധിച്ചാൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രിപ്പിൾ കിരീടത്തിലെത്താം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇംഗ്ലണ്ടിൽ അവസാനമായി സീസണ് ട്രിപ്പിൾ (ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാന്പ്യൻസ് ലീഗ്) സ്വന്തമാക്കിയത്.
12: അതിവേഗ ഗോൾ
മത്സരത്തിന്റെ 12-ാം സെക്കൻഡിൽ ഐകി ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് സ്വന്തമാക്കി. എഫ്എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു കെവിൻ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ നേടിയത്.
ഗ്രീലിഷിന്റെ ഹാൻഡ് ബോളിൽ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-1ന് ഒപ്പമെത്തിച്ചു. ഇരുടീമിന്റെയും സ്റ്റാർട്ടിംഗ് ക്യാപ്റ്റന്മാർ (ഗൂണ്ടോഗനും ഫെർണാണ്ടസും) എഫ്എ കപ്പ് ഫൈനലിൽ ഗോൾ നേടുന്നത് ഇതാദ്യമാണ്. 51-ാം മിനിറ്റിൽ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയെ 2-1നു മുന്നിലെത്തിച്ചു.