ഗ്രീൻ ലൈറ്റ്... കാമറൂണ്‍ ഗ്രീനിന് സെഞ്ചുറി, മുംബൈക്ക് 8 വിക്കറ്റ് ജയം
Monday, May 22, 2023 12:41 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണ് പ്ലേ ഓഫിലേക്ക് മുംബൈ ഇന്ത്യൻസിന്റെ കാമറൂണ്‍ ഗ്രീനിന്റെ ഗ്രീൻ ലൈൻ.ഹൈദരാബാദിനെതിരേ ജയിക്കുകയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെതിരേ തോൽക്കുകയും ചെയ്താൽ പ്ലേ ഓഫിലേക്ക് മുന്നേറാം എന്ന അവസ്ഥയിൽ ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് ജയം. കാമറൂണ്‍ ഗ്രീൻ 47 പന്തിൽ എട്ട് സിക്സും എട്ട് ഫോറും അടക്കം 100 റണ്‍സുമായി പുറത്താകാതെനിന്ന് മുംബൈയെ ജയത്തിലെത്തിച്ചു. ഹൈദാരാബാദ് മുന്നോട്ടുവച്ച 201 റണ്‍സ് എന്ന ലക്ഷ്യം 12 പന്ത് ബാക്കിനിൽക്കേയാണ് മുംബൈ ഇന്ത്യൻസ് നേടിയത്.
ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ പ്രതീക്ഷ തെറ്റിച്ച് വിവ്റാന്ത് ശർമയും (47 പന്തിൽ 69), മായങ്ക് അഗർവാളും (46 പന്തിൽ 83) ഹൈദരാബാദിനായി ഓപ്പണിംഗ് വിക്കറ്റിൽ 140 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വിവ്റാന്തിനെ പുറത്താക്കി ആകാഷ് മധ്വാളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മായങ്ക്, ഹെൻറിച്ച് ക്ലാസൻ (18), ഹാരി ബ്രൂക് (0) എന്നിവരുടെ വിക്കറ്റുകളും മധ്വാൾ വീഴ്ത്തി. നാല് ഓവറിൽ 37 റണ്‍സ് വഴങ്ങിയാണ് മധ്വാൾ നാല് വിക്കറ്റ് നേടിയത്.
201 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈക്കു വേണ്ടി രോഹിത് ശർമയും (37 പന്തിൽ 56) സൂര്യകുമാർ യാദവും (16 പന്തിൽ 25 നോട്ടൗട്ട്) കാമറൂണ്‍ ഗ്രീനിനൊപ്പം തിളങ്ങി. ഇഷാൻ കിഷനെ (12 പന്തിൽ 14) ഭുവനേശ്വർ കുമാർ പുറത്താക്കി.