സൂര്യകുമാർ ഹാട്രിക് ഗോൾഡൻ ഡക്ക്
Thursday, March 23, 2023 12:47 AM IST
ഏകദിന ക്രിക്കറ്റിനു പറ്റിയ ബാറ്റർ അല്ലേ സൂര്യകുമാർ യാദവ്...? ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനത്തിലും ഗോൾഡൻ ഡക്കായി സൂര്യകുമാർ പുറത്ത്.
ആദ്യ രണ്ട് മത്സരത്തിലും മിച്ചൽ സ്റ്റാർക്ക് ആണ് ആദ്യ പന്തിൽത്തന്നെ സൂര്യകുമാറിനെ പുറത്താക്കിയതെങ്കിൽ, മൂന്നാം ഏകദിനത്തിൽ ആ കർത്തവ്യം നിർവഹിച്ചത് ആഷ്ടണ്‍ അഗർ ആയിരുന്നു. ആദ്യ രണ്ട് ഏകദിനത്തിലും വിക്കറ്റിനു മുന്നിൽ കുടുങ്ങിയ സൂര്യകുമാർ, ഇന്നലെ ബൗൾഡായി. തുടർച്ചയായ മൂന്ന് ഇന്നിംഗ്സിൽ നേരിട്ട ആദ്യപന്തിൽത്തന്നെ പുറത്താകുന്ന ആദ്യ ഔദ്യോഗിക ബാറ്റർ എന്ന നാണക്കേടും സൂര്യകുമാറിനു സ്വന്തം.
ട്വന്റി-20 ക്രിക്കറ്റിൽ സൂര്യകുമാറിന്റെ റാംപ് ഷോട്ടും സ്കൂപ് ഷോട്ടുമെല്ലാം കണ്ട് അദ്ഭുതവും ആവേശവുംകൊണ്ട ആരാധകർ, ഏകദിനത്തിൽ സൂര്യയുടെ ബാറ്റിംഗിൽ മൂക്കത്ത് വിരൽവയ്ക്കുകയാണ്. 9 (8), 8 (6), 4 (30), 34* (25), 6 (10), 4 (4), 31 (26), 14 (9), 0 (1), 0 (1), 0 (1) എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ അവസാന 11 ഏകദിന ഇന്നിംഗ്സ്.
2023 ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചേക്കില്ല. സൂര്യകുമാർ യാദവിനു പകരം മലയാളി ബാറ്റർ സഞ്ജു വി. സാംസണിനെ ടീമിൽ എടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകർ ഉയർത്തിയിട്ടുണ്ട്.