മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 90 റണ്‍സ് ജയം
Tuesday, January 24, 2023 11:54 PM IST
ഇൻഡോർ: രോഹിത് ശർമയുടെയും (85 പന്തിൽ 101) ശുഭ്മൻ ഗില്ലിന്റെയും (78 പന്തിൽ 112) സെഞ്ചുറി പ്രകടനങ്ങൾക്കു ഡെവണ്‍ കോണ്‍വെയുടെ ഒറ്റയാൾ പ്രകടനത്തിന്റെ മറുപടി പോരാതെ വന്നപ്പോൾ മൂന്നു മത്സര പരന്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനു വന്പൻ തോൽവി. 90 റണ്‍സിനാണു കിവീസ് പരാജയപ്പെട്ടത്. ഇന്ത്യ ഉയർത്തിയ 386 റണ്സന്നെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കിവീസ്, 41.2 ഓവറിൽ 295 റണ്‍സിന് എല്ലാവരും പുറത്തായി.
100 പന്തിൽ 138 റണ്‍സ് അടിച്ചുകൂട്ടിയ കോണ്വെയാണു കിവീസിന്റെ ടോപ് സ്കോറർ. എട്ടു സിക്സും 12 ഫോറും ഉൾപ്പെട്ട ഇന്നിംഗ്സ്. ഇന്ത്യക്കായി ഷാർദുൾ ഠാക്കുർ, കുൽദീപ് യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേതന്നെ പരന്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും ജയിച്ചതോടെ ഇന്ത്യ പരന്പര 3-0ന് തൂത്തുവാരി. ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ഇടിവെട്ട് ഓപ്പണിംഗ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിതും ഗില്ലും തകർപ്പൻ തുടക്കമാണു സമ്മാനിച്ചത്. കിവീസ് ബൗളർമാർക്ക് ഒരവസരവും നൽകാതെ ബാറ്റുവീശിയ ഓപ്പണിംഗ് കൂട്ടുകെട്ട് 13-ാം ഓവറിൽ ഇന്ത്യയെ 100 കടത്തി; ഇതിനിടെ ഗിൽ അർധസെഞ്ചുറി കുറിച്ചു. 14-ാം ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സാന്റ്നറെ സിക്സറിനു പറത്തി രോഹിത്തും അർധസെഞ്ചുറി നേടി. തുടർന്നും തകർത്തടിച്ച കൂട്ടുകെട്ട് 18-ാം ഓവറിൽ ടീം സ്കോർ 150 കടത്തി. 24.1 ഓവറിൽ ഇന്ത്യ 200 പിന്നിട്ടു.
ബ്ലെയർ ടിക്നർ ചെയ്ത 26-ാം ഓവറിലെ രണ്ടാം പന്തിൽ 83 പന്തുകളിൽനിന്നു രോഹിത് സെഞ്ചുറി പൂർത്തിയാക്കി. രോഹിത്തിന്റെ ഏകദിന കരിയറിലെ 30-ാം സെഞ്ചുറി. അതേ ഓവറിലെ അവസാന പന്തിൽ വെറും 72 പന്തുകളിൽനിന്ന് ഗില്ലും സെഞ്ചുറി തികച്ചു. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറി.
സെഞ്ചുറി കുറിച്ചതിനു പിന്നാലെ മൈക്കിൾ ബ്രേസ്വെല്ലിനു വിക്കറ്റ് നൽകി രോഹിത് മടങ്ങി. 85 പന്തിൽ ഒന്‍പത് ഫോറും ആറ് സിക്സറും ഉൾപ്പെട്ട ഇന്നിംഗ്സ്. ഗില്ലിനൊപ്പം 212 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തിയശേഷമായിരുന്നു രോഹിത്തിന്റെ മടക്കം. 28-ാം ഓവറിലെ അവസാന പന്തിൽ ഗില്ലും പുറത്തായി. 78 പന്തിൽ 13 ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 112 റണ്‍സായിരുന്നു ഗില്ലിന്റെ സന്പാദ്യം.
മധ്യത്തിൽ ആശങ്ക
ഓപ്പണിംഗ് കൂട്ടുകെട്ട് മടങ്ങിയശേഷം മധ്യനിര തകർന്നതാണ് ഇന്ത്യയുടെ വന്പൻ സ്കോർ പ്രതീക്ഷകൾ തകർത്തത്. ഒരുഘട്ടത്തിൽ ഇന്ത്യ 450നടുത്ത് സ്കോർ നേടുമെന്നു തോന്നിച്ചെങ്കിലും ഹാർദിക് പാണ്ഡ്യക്കൊഴികെ മറ്റാർക്കും വന്പൻ ഇന്നിംഗ്സ് കളിക്കാൻ കഴിയാതെ പോയത് ഇന്ത്യക്കു തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളിൽ ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. പാണ്ഡ്യ 38 പന്തിൽ മൂന്നു വീതം സിക്സിന്റെയും ഫോറിന്റെയും അകന്പടിയോടെ 54 റണ്‍സെടുത്തു പുറത്തായി.
വിരാട് കോഹ്ലി (27 പന്തിൽ 36), ഇഷാൻ കിഷൻ (24 പന്തിൽ 17), സൂര്യകുമാർ യാദവ് (ഒന്‍പതു പന്തിൽ 14), ഷാർദൂൽ ഠാക്കൂർ (17 പന്തിൽ 25), വാഷിംഗ്ടണ്‍ സുന്ദർ (9), കുൽദീപ് യാദവ് (3) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ഉമ്രാൻ മാലിക് പുറത്താവാതെ നിന്നു. ന്യൂസിലൻഡ് ബൗളർ ജേക്കബ് ഡഫി മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ 100 റണ്‍സ് വഴങ്ങി ധാരാളിയായി. ടിക്നറും മൂന്നു വിക്കറ്റെടുത്തു.
തിരിച്ചടി
മറുപടി പറഞ്ഞ കിവീസിന് രണ്ടാം പന്തിൽത്തന്നെ ഫിൻ അല്ലനെ നഷ്ടപ്പെട്ടു. ഹാർദിക്കിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ 101 റണ്‍ കൂട്ടിച്ചേർത്ത് കോണ്‍വെ-ഹെന്റി നിക്കോൾസ് കൂട്ടുകെട്ട് കിവീസിനു പ്രതീക്ഷ നൽകിയതാണ്. എന്നാൽ, നിഷോൾസ് (42) പുറത്തായശേഷം മറ്റാരും കോണ്‍വെയ്ക്കു പിന്തുണ നൽകാനുണ്ടായില്ല. ഡാരിൽ മിച്ചൽ (24), ടോം ലാഥം (0), ഗ്ലെൻ ഫിലിപ്സ് (5), മൈക്കിൾ ബ്രേസ്വെൽ (26), മിച്ചൽ സാന്റ്നർ (34), ലോക്കീ ഫെർഗുസണ് (7), ജേക്കബ് ഡഫി (0) എന്നിങ്ങനെയാണു പുറത്തായ മറ്റ് കിവീസ് ബാറ്റർമാരുടെ സംഭാവന. ടിക്നർ (0) പുറത്താകാതെ നിന്നു.
കില്ലാഡി!
ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചുറി പ്രകടനത്തോടെ അപൂർവനേട്ടം
സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ. മൂന്നു മത്സര ഏകദിന പരന്പരയിൽ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന നേട്ടമാണ് ഗിൽ പേരിലാക്കിയത്. മൂന്നു മത്സരങ്ങളിൽ നിന്നായി 360 റണ്‍സാണ് ഗിൽ അടിച്ചെടുത്തത്. പാക്കിസ്ഥാന്റെ ബാബർ അസമും മൂന്നു മത്സര പരന്പരയിൽ 360 റണ്‍സ് നേടിയിട്ടുണ്ട്. 2016ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ബാബറിന്റെ നേട്ടം.
ഒരു റണ്‍കൂടി നേടിയിരുന്നെങ്കിൽ ഈ റിക്കാർഡ് ഗില്ലിന്റെ പേരിലായേനെ. പരന്പരയിലെ ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ചുറി (208) നേടിയ ഗിൽ, രണ്ടാം പോരാട്ടത്തിൽ പുറത്താകാതെ 40 റണ്‍സും സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിലെ ടോപ് സ്കോററും ഗിൽതന്നെയാണ്.
രോഹിറ്റ്
ഇന്ത്യൻ നായകൻ രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിക്കുന്നത് 509 ദിവസത്തെ കാത്തിരിപ്പിനുശേഷം. 2021 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണു രോഹിത് അവസാനമായി മൂന്നക്കം കണ്ടത്. പിന്നീട് എല്ലാ ഫോർമാറ്റിലുമായി 53 ഇന്നിംഗ്സുകൾ കളിച്ചെങ്കിലും സെഞ്ചുറി ഒഴിഞ്ഞുനിന്നു.
രോഹിത്തിന്റെ ഏകദിനത്തിലെ 30-ാം സെഞ്ചുറിയാണു ന്യൂസിലൻഡിനെതിരേ കുറിച്ചത്. ഇതോടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റിക്കി പോണ്ടിംഗിന്റെ റിക്കാർഡിനൊപ്പം രോഹിതുമെത്തി. പോണ്ടിംഗിനും 30 സെഞ്ചുറിയാണുള്ളത്. സച്ചിൻ തെണ്ടുൽക്കർ (49), വിരാട് കോഹ്ലി (46) എന്നിവരാണ് ഏകദിന സെഞ്ചുറി നേട്ടത്തിൽ ഇവർക്കു മുന്നിലുള്ളത്.
മൂന്നുവർഷത്തിനുശേഷം, കൃത്യമായി പറഞ്ഞാൽ 1100 ദിവസത്തിനുശേഷമാണ്, രോഹിത് ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്. 2020ൽ ഓസ്ട്രേലിയയ്ക്കെതിരേയാണു രോഹിത് ഇതിനുമുന്‍പ് സെഞ്ചുറി നേടിയത്. ഓപ്പണറായി ഇറങ്ങി ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമെന്ന ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ നേട്ടത്തിനൊപ്പവും രോഹിത് എത്തി. ഓപ്പണറെന്ന നിലയിൽ ഏകദിനത്തിൽ 28 സെഞ്ചുറികളാണു രോഹിത് അടിച്ചുകൂട്ടിയത്.