ശ്രീജേഷിന്റെ പരിക്കിൽ ഇന്ത്യ വീണു
Monday, January 23, 2023 12:24 AM IST
ഭുവനേശ്വർ: മലയാളി ഗോളി പി.ആർ. ശ്രീജേഷ് പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്നതോടെ എഫ്ഐഎച്ച് ലോകകപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ക്വാർട്ടർ സ്വപ്നം പൊലിഞ്ഞു. ന്യൂസിലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ യോഗ്യതാ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ ഇന്ത്യ 4-5ന് പരാജയപ്പെട്ടു. ഷൂട്ടൗട്ടിൽ മൂന്ന് കിക്ക് രക്ഷപ്പെടുത്തിയശേഷമാണ് ശ്രീജേഷ് പരിക്കേറ്റ് പുറത്തായത്. അതോടെ ഇന്ത്യയുടെ വഴിയും അടഞ്ഞു.
മത്സരത്തിൽ ഇന്ത്യക്കായി നിശ്ചിത സമയത്ത് ലളിത് കുമാർ (17’), സുഖ്ജീത് സിംഗ് (24’), വരുണ് കുമാർ (40’) എന്നിവർ ഗോൾ നേടി. സാം ലാൻ (28’), റയൽ കെയ്ൻ (43’), ഫിൻഡ്ലെ സീൻ (49’) എന്നിവരായിരുന്നു ന്യൂസിലൻഡിന്റെ ഗോൾ നേട്ടക്കാർ.
ആദ്യ അഞ്ച് ഷൂട്ടൗട്ട് ശ്രമങ്ങളിൽ ഇന്ത്യയുടെ അഭിഷേദ്, ഷംഷീർ സിംഗ് എന്നിവരുടെ ഷോട്ടുകൾ ന്യൂസിലൻഡ് ഗോളി തടഞ്ഞു. മൂന്നും നാലും ഷോട്ടായിരുന്നു അത്. ന്യൂസിലൻഡ് ആദ്യ മൂന്ന് ശ്രമവും ഗോൾ ആക്കി. തുടർന്ന് മൂന്ന് സേവുകളുമായി ശ്രീജേഷ് ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിച്ചു. എന്നാൽ, ഹർമൻപ്രീസ് സിംഗിന്റെ ഷോട്ട് തടയപ്പെട്ടതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിൽ. നിക് വൂഡിന്റെ ഷോട്ട് തടയുന്നതിനിടെ കാലിൽ പന്ത് കൊണ്ടുപരിക്കേറ്റ ശ്രീജേഷ് പുറത്തേക്ക് നടന്നു, തൊട്ടുപിന്നാലെ ഇന്ത്യൻ ടീം ഒന്നടങ്കവും. ഇന്ത്യക്ക് ഇനി ഒന്പത് മുതൽ 16 സ്ഥാനങ്ങൾക്കായുള്ള പോരാട്ടത്തിൻ കളിക്കാം.
സ്പെയിൻ ക്വാർട്ടറിൽ
ക്വാർട്ടർ ഫൈനൽ യോഗ്യതാ പ്ലേ ഓഫ് പോരാട്ടത്തിൽ ജയം സ്വന്തമാക്കി സ്പെയിൻ. മലേഷ്യയെ ഷൂട്ടൗട്ടിലൂടെ 3-4നു കീഴടക്കിയാണ് സ്പെയിൻ ക്വാർട്ടറിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് മത്സരം 2-2 സമനില ആയതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്. ആറ് കിക്ക് വരെ നീണ്ട ഷൂട്ടൗട്ടിലായിരുന്നു സ്പെയ്നിന്റെ ജയം. മലേഷ്യയുടെ അഞ്ചും ആറും പെനാൽറ്റി ലക്ഷ്യംകണ്ടില്ല. ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയായിരുന്നു സ്പെയിൻ തുടങ്ങിയത്.