യുവഭാരത്
Saturday, January 7, 2023 12:41 AM IST
യുവഭാരതം - അതാണ് മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡിന്റെ 2023 പുതുവർഷത്തെ തീരുമാനം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ പ്രയാണത്തിൽ സൂപ്പർ താരങ്ങൾ അല്ല, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവാക്കൾക്കാണു പ്രാധാന്യം നൽകുക എന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിനുശേഷമാണു ദ്രാവിഡ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ; എന്തിനേറെ, കെ.എൽ. രാഹുൽ പോലും രാഹുൽ ദ്രാവിഡിന്റെ ഓപ്പറേഷൻ 2024ൽ ഇല്ലെന്നാണു മനസിലാക്കേണ്ടത്. ഒരു താരത്തിന്റെയും പേര് എടുത്തുപറയാതെയാണ്; യുവാക്കൾക്കു പ്രാമുഖ്യം നൽകുന്ന ടീമിനെയാണ് 2024 ട്വന്റി-20 ലോകകപ്പ് ലക്ഷ്യംവച്ച് ഇന്ത്യ വാർത്തെടുക്കുന്നതെന്നു രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയത്.
പടിക്കു പുറത്ത്
വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സൂപ്പർ താരങ്ങൾ ഇല്ലാതെ തുടർച്ചയായ രണ്ടാം ട്വന്റി-20 പരന്പര കളിക്കുകയാണു ടീം ഇന്ത്യ. ഐസിസി 2022 ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടശേഷം കോഹ്ലിയും രോഹിത്തും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുൽ ദ്രാവിഡ് മറ്റൊരു കാര്യവും സൂചിപ്പിച്ചു; സീനിയർ താരങ്ങൾ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കാര്യങ്ങളിൽ ആയിരിക്കും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന്. സീനിയേഴ്സ് ട്വന്റി-20 പടിക്കു പുറത്താണെന്നു ചുരുക്കം.
2022 ലോകകപ്പിനു ശേഷം ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾക്ക് എതിരേയാണ് ഇന്ത്യ ട്വന്റി-20 പരന്പരയ്ക്കിറങ്ങിയത്. ഈ രണ്ടു പരന്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആയിരുന്നു. ട്വന്റി-20യിലും ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആയിരിക്കും എന്ന് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
ദ്രാവിഡ് സ്പീക്കിംഗ്
‘ട്വന്റി-20 ലോകകപ്പ് സെമിയിൽ കളിച്ച 3-4 കളിക്കാർ മാത്രമാണ് ഇപ്പോൾ ടീമിലുള്ളത്. അടുത്ത ട്വന്റി-20 ലോകകപ്പിനായാണു ഞങ്ങളുടെ പരിശ്രമം. ശ്രീലങ്കയ്ക്ക് എതിരേ ഇറങ്ങുന്നതു യുവസംഘമാണ് ’- ദ്രാവിഡ് പറഞ്ഞു. ഇപ്പോഴുള്ള യുവസംഘത്തിൽ വിശ്വാസമർപ്പിക്കണമെന്നും അവരുടെ മികവിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
ലോകകപ്പ് സെമിയിൽ കളിച്ചതിൽ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവർ മാത്രമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഉണ്ടായിരുന്നത്.
സ്പിൻ ഓൾ റൗണ്ടർ
ഇന്ത്യയുടെ സ്പിൻ ഓൾ റൗണ്ടർമാർ മികച്ച പ്രകടനമാണു നടത്തുന്നതെന്നും രവീന്ദ്ര ജഡേജകൂടി എത്തുന്നതോടെ കരുത്തു വർധിക്കുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ അക്സർ പട്ടേൽ 31 പന്തിൽ 65 റണ്‍സ് അടിച്ചുകൂട്ടുകയും രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ രവീന്ദ്ര ജഡേജ വൈകാതെ ടീമിൽ തിരിച്ചെത്തുമെന്നും ദ്രാവിഡ് അറിയിച്ചു.
മൂന്നാമങ്കം ഇന്ന്
ഇന്ത്യ x ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് രാജ്കോട്ടിൽ. രാത്രി 7.00നാണു മത്സരം. പരന്പരയിൽ ആദ്യ മത്സരത്തിൽ രണ്ടു റണ്‍സിനു ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ 16 റണ്‍സിനു തോറ്റിരുന്നു. ഇന്നു ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും എന്നതിനാൽ പോരാട്ടം ശക്തമാകും. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തുടർച്ചയായ രണ്ടാം പരന്പര നേട്ടമാണു ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിന് എതിരായ ട്വന്റി-20 പരന്പര 1-0ന് ഇന്ത്യ നേടിയിരുന്നു.