കിവീസ് ജയം
Saturday, November 26, 2022 12:31 AM IST
ഓക്ലൻഡ്: ഇന്ത്യക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് ജയം. ഇന്ത്യ മുന്നോട്ടുവച്ച 307 റണ്‍സ് എന്ന ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. സ്കോർ: ഇന്ത്യ 306/7 (50), ന്യൂസിലൻഡ് 309/3 (47.1).
104 പന്തിൽ 145 റണ്‍സുമായി പുറത്താകാതെ നിന്ന ന്യൂസിലൻഡിന്റെ ടോം ലാഥം ആണ് പ്ലെയർ ഓഫ് ദ മാച്ച്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് 98 പന്തിൽ 94 റണ്‍സുമായും പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (65 പന്തിൽ 50), ക്യാപ്റ്റൻ ശിഖർ ധവാനും (77 പന്തിൽ 72) മികച്ച തുടക്കമിട്ടു. മൂന്നാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (76 പന്തിൽ 80) തിളങ്ങി.
പതിവുപോലെ ഋഷഭ് പന്ത് (15) വന്നതും പോയതും ഒരേ വേഗത്തിൽ. മലയാളി താരം സഞ്ജു സാംസണ് 38 പന്തിൽ 36 റണ്‍സ് നേടി. പരന്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.