ലെവൻ ഡബിളാ!
Monday, September 19, 2022 12:50 AM IST
ബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ വിജയക്കുതിപ്പു തുടർന്നു ബാഴ്സലോണ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോൾ മികവിൽ, എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബാഴ്സ എൽച്ചെയെ പരാജയപ്പെടുത്തി.
ജയത്തോടെ ബാഴ്സ 16 പോയിന്റുമായി ലീഗിൽ മുന്നിലെത്തി. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയെ വീഴ്ത്താൻ ശ്രമിച്ച ഗൊണ്‍സാലോ വെർദു ചുവപ്പുകാർഡ് കണ്ടു പുറത്തുപോയപ്പോൾ തുടങ്ങിയതാണ് എൽച്ചെയുടെ കഷ്ടകാലം. എന്നാൽ, ബാഴ്സയ്ക്കു മത്സരത്തിൽ ലീഡ് നേടാൻ 34-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ലെവൻഡോവ്സ്കിയായിരുന്നു സ്കോറർ. 41-ാം മിനിറ്റിൽ മെംഫിസ് ഡീപേ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചു മൂന്നാം മിനിറ്റിൽ രണ്ടാം ഗോളും നേടി ലെവൻ ബാഴ്സയുടെ ലീഡ് മൂന്നാക്കി വർധിപ്പിച്ചു.
ലീഗിലെ മറ്റൊരു മത്സരത്തിൽ വലൻസിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു സെൽറ്റ വിഗോയെ തകർത്തു. സാമു കാസ്റ്റിലോ, മാർകോസ് ആന്ദ്ര, ആന്ദ്ര അൽമേഡ എന്നിവരാണു വലൻസിയയുടെ ഗോളുകൾ നേടിയത്.