മലയാളി റിലേ
Saturday, August 6, 2022 12:23 AM IST
ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ മലയാളി കരുത്തിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ. യോഗ്യതാ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യൻ ടീം കലാശപ്പോരിന് യോഗ്യത നേടിയത്.
മലയാളികളായ മുഹമ്മദ് അനസ് യഹിയ, നോഹ് നിർമൽ ടോം, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ അടങ്ങിയ സംഘമാണ് ഇന്ത്യക്കായി ബാറ്റണ്‍ കൈയിലേന്തിയത്. രണ്ടാം ഹീറ്റിൽ രണ്ടാമതായി ഇന്ത്യ ഫിനിഷ് ചെയ്തു. ഡൽഹി മലയാളിയായ അമോജ് ജേക്കബ്ബിന്റെ അവസാന ലാപ്പിലെ കുതിപ്പാണ് ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചത്. 3:06.97 സെക്കൻഡിൽ ഇന്ത്യ റിലേ പൂർത്തിയാക്കി. 3:06.76 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന കെനിയയാണ് ഇന്ത്യക്ക് മുന്നിൽ ഒന്നാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയത്.
ആൻസി 13-ാമത്
വനിതാ ലോംഗ്ജംപിൽ ഇന്ത്യക്കായി ഇറങ്ങിയ മലയാളി താരം ആൻസി സോജൻ യോഗ്യതാ റൗണ്ടിൽ 13-ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ആദ്യ 12 സ്ഥാനക്കാരാണ് ഫൈനലിനു യോഗ്യത നേടുക. 6.25 മീറ്റർ ആണ് ആൻസി കുറിച്ചത്.