സന്തോഷ് ട്രോഫി കിരീട നേട്ടം കേരള ഫുട്ബോളിന് വലിയ ഊർജം: മുഖ്യമന്ത്രി
Friday, July 1, 2022 12:41 AM IST
തിരുവനന്തപുരം: സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്ബോളിനു വലിയ ഊർജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങൾ ഉണ്ടാകണമെന്നാണു സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിരീടം നേടിയ കേരള ടീം അംഗങ്ങൾക്കു സർക്കാർ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്കും മാനേജ്മെന്റ് അംഗങ്ങൾക്കും മുഖ്യമന്ത്രി കീർത്തിപത്രങ്ങളും പാരിതോഷികങ്ങളും സമ്മാനിച്ചു. ആർച്ചറി താരം അനാമിക സുരേഷിന് സ്പീക്കർ എം.ബി. രാജേഷ് ചടങ്ങിൽ പുരസ്കാരം നൽകി.
ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, ജി.ആർ. അനിൽ, ഡോ. ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ, പി. പ്രസാദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, കായിക യുവജനകാര്യ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, അഡിഷണൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവർ പങ്കെടുത്തു.