സാജന് ഇരട്ട സ്വർണം
Tuesday, June 22, 2021 12:32 AM IST
ബെൽഗ്രേഡ്: സെർബിയയിലെ മിലൻ ഗെയ്ലിൽ നടക്കുന്ന ബെൽഗ്രേഡ് ട്രോഫി നീന്തൽ ചാന്പ്യൻഷിപ്പിൽ മലയാളി ഒളിന്പ്യൻ സാജൻ പ്രകാശിന് ഇരട്ടസ്വർണം.
200, 100 മീറ്റർ ബട്ടർഫ്ളൈയിലാണ് സ്വർണം നേടിയത്. 200 മീറ്റർ ബട്ടർഫ്ളൈയിൽ 1:56.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റിക്കാർഡ് കുറിച്ചാണ് സാജൻ സ്വർണം നീന്തിയെടുത്തത്. സ്വന്തം പേരിലുള്ള റിക്കാർഡാണ് സാജൻ തിരുത്തിയത്.
100 മീറ്റർ ബട്ടർഫ്ളൈയിൽ 53.27 സെക്കൻഡിലാണ് സ്വർണം നേടിയത്. 100 മീറ്ററിൽ ബി ലെവൽ ഒളിന്പിക് യോഗ്യത മാർക്ക് പിന്നിട്ടു. 200 മീറ്റർ ബട്ടർഫ്ലൈയിൽ ബി ലെവൽ ഒളിംപിക് യോഗ്യത മാർക്ക് സാജൻ പിന്നിട്ടിരുന്നു. എ ലെവൽ ഒളിന്പിക് യോഗ്യത മാർക്ക് ലക്ഷ്യമിട്ട് റോമിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ സാജൻ മത്സരിക്കും. എസ്. പ്രദീപ്കുമാറിന് കീഴിലാണ് സാജൻ പരിശീലനം നടത്തുന്നത്.