2022 ലോകകപ്പ് മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു
Thursday, July 16, 2020 12:18 AM IST
സൂറിച്ച്/ദോഹ: അറബ് മേഖലയിൽ നടക്കുന്ന ആദ്യ ലോകകപ്പ് എന്ന ഖ്യാതിയുള്ള ഖത്തർ ലോകകപ്പ് മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരിയുടെ ഭീഷണി നിലനിൽക്കെയാണ് ആശാവഹമായ തീരുമാനവുമായി ഫിഫ എത്തിയത്. നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് മത്സരങ്ങൾ.
ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ പോരാട്ടം അരങ്ങേറും. 60000 പേർക്ക് ഇരിക്കാവും അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 2002നുശേഷം ഏഷ്യ ആതിഥേയത്വമരുളുന്ന ലോകകപ്പ് എന്നതും ഖത്തർ 2022യുടെ പ്രത്യേകതയാണ്. നംവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യ ലോകകപ്പും ഇതുതന്നെ.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം നാലു മത്സരങ്ങൾ വീതമുണ്ടാകും. വേദികൾ തമ്മിൽ അകലം അധികമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങൾ നടത്തുന്നത്. ആദ്യ മത്സരം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും (ഇന്ത്യൻ സമയം വൈകുന്നേരം 3.30ന്) രണ്ടാം മത്സരം ഉച്ചകഴിഞ്ഞ് നാലിനും (ഇന്ത്യൻ സമയം 6.30) മൂന്നാം മത്സരം രാത്രി ഏഴിനും (ഇന്ത്യൻ സമയം 9.30ന്) നാലാമത്തെ മത്സരം രാത്രി 10നും (ഇന്ത്യൻ സമയം രാത്രി 12.30ന്) നടക്കും.
പ്രീ ക്വാർട്ടർ മത്സരങ്ങൾ പ്രാദേശിക സമയം വൈകുന്നേരം ആറ് (ഇന്ത്യൻ സമയം 8.30), രാത്രി 10 എന്നിങ്ങനെയാണ്. സെമിഫൈനൽ മത്സരങ്ങൾ പ്രാദേശികസമയം രാത്രി 10നാണ്. ഫൈനലും ലൂസേഴ്സ് ഫൈനലും പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കാണ്.