അൻവർ സ്റ്റാർ
Thursday, May 21, 2020 12:00 AM IST
പാക് ക്രിക്കറ്റ് ടീമെന്നു കേട്ടാൽത്തന്നെ ഇന്ത്യൻ ആരാധകർക്കും കളിക്കാർക്കും കൊല്ലാനുള്ള കലിപ്പാണ്. ചിരവൈരികളുടെ പോരാട്ടം ആകുന്പോൾ ഗാലറിയിലും ആവേശത്തിനു കുറവില്ല. ഒരു പതിറ്റാണ്ടിലധികം രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഒരു പാക് താരത്തിന്റെ പേരിലായിരുന്നു, കംപ്യൂട്ടർ എൻജിനിയറിംഗ് ബിരുദധാരിയായ ഇടംകൈ ബാറ്റ്സ്മാൻ സയീദ് അൻവറിന്റെ പേരിൽ. അൻവർ ആ നേട്ടം സ്വന്തമാക്കിയത് ഇന്ത്യക്കെതിരേ ചെന്നൈയിലായിരുന്നു എന്നതും മുറിവിന്റെ ആക്കംകൂട്ടുന്നു. ഒരു കാലത്ത് ഇന്ത്യയുടെ പേടി സ്വപ്നമായിരുന്നു സയീദ് അൻവർ.
1997 മേയ് 21നാണ് അൻവർ ഇന്ത്യൻ ബൗളർമാരെ ക്രൂരമായി നേരിട്ട് റിക്കാർഡ് കുറിച്ചത്. പെപ്സി ഇൻഡിപെൻഡന്റ് കപ്പിലെ ആറാം മത്സരത്തിലായിരുന്നു അൻവർ സ്റ്റാറായത്. ഓഫ് സൈഡിൽ മനോഹരമായി കളിക്കുന്ന പാക് ഓപ്പണറുടെ ട്രേഡ്മാർക്ക് ഫ്ളിക് ഷോട്ടുകളായിരുന്നു. പേശീവലിവിനെത്തുടർന്ന് 19-ാം ഓവറിൽ അൻവർ റണ്ണറെ വച്ചു. ഷാഹിദ് അഫ്രീദിയായിരുന്നു അൻവറിനു പകരം വിക്കറ്റിന് ഇടയിൽ ഓടാനെത്തിയത്. സച്ചിൻ തെണ്ടുൽക്കർ എറിഞ്ഞ 20-ാം ഓവറിൽ മുതൽ അഫ്രീദിയുടെ ഓട്ടം തുടങ്ങി. 47-ാം ഓവറിന്റെ നാലാം പന്തിൽ സച്ചിൻ തെണ്ടുൽക്കറിനു വിക്കറ്റ് സമ്മാനിച്ച് അൻവർ പുറത്താകുന്നതുവരെ അഫ്രീദി ആ ഓട്ടം തുടർന്നു. പാക് ഓപ്പണർ ലെഗ് സൈഡിലേക്ക് ഉയർത്തിയടിച്ച പന്ത് പിന്നോട്ട് ഓടി സൗരവ് ഗാംഗുലി ശ്രമകരമായി കൈപ്പിടിയിലൊതുക്കി. ക്യാച്ച് പൂർത്തിയാക്കുന്നതിനിടെ തലയുടെ പിൻഭാഗം തിലത്തടിച്ചുവീണ ഗാംഗുലിക്ക് പ്രാഥമിക ശുശ്രൂഷനൽകേണ്ടിയുംവന്നു. അൻവറിന്റെ റിക്കാർഡ് പിൽക്കാലത്ത് മറികടന്നതും സച്ചിനായിരുന്നു.
146 പന്ത് നേരിട്ട് 22 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 194 റണ്‍സാണ് സയീദ് അൻവർ നേടിയത്. 41-ാം ഓവർ എറിയാനെത്തിയ അനിൽ കുംബ്ലെയെ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയതും ഇതിൽ ഉൾപ്പെടും. റിക്കാർഡ് കുറിക്കാനായി ക്രീസിൽ ചെലവിട്ടത് 206 മിനിറ്റും. പുറത്തായി പവിലിയനിലേക്ക് മടങ്ങിയ അൻവറിനായി കാണികൾ എഴുന്നേറ്റ്നിന്ന് കരഘോഷം മുഴക്കി. മത്സരത്തിൽ രാഹുൽ ദ്രാവിഡിന്റെ സെഞ്ചുറിക്കും (107) ഇന്ത്യയെ രക്ഷിക്കാനായില്ല. 35 റണ്‍സിന് ഇന്ത്യ തോറ്റു.
1984ൽ വെസ്റ്റ് ഇൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ് കുറിച്ച 189* ആണ് അൻവർ തിരുത്തിയത്. 2009ൽ സിംബാബ് വെയുടെ ചാൾസ് കൊവൻട്രിയും 194വരെയെത്തിയെത്തി. തൊട്ടടുത്തവർഷം ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇരട്ട സെഞ്ചുറി തികയ്ക്കുന്നതുവരെ അൻവറിന്റെ റിക്കാർഡ് നിലനിന്നു. 2010വരെ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി എന്നത് അസംഭവ്യമായിരുന്നു. എന്നാൽ, പിന്നീടിതുവരെ എട്ട് ഇരട്ട സെഞ്ചുറികൾ പിറന്നു. അതിൽ മൂന്നെണ്ണവും (264 റിക്കാർഡ്) ഇന്ത്യയുടെ രോഹിത് ശർമയുടെ പേരിലാണ്.