കളിക്കാർക്കു ക്ലീൻ ചിറ്റ് നല്കി ഐസിസി
Saturday, May 25, 2019 12:54 AM IST
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിനായി ഒരുങ്ങുന്ന കളിക്കാർക്ക് ഐസിസിയുടെ ക്ലീൻ ചിറ്റ്. ലോകകപ്പിനായി ലണ്ടനിൽ എത്തിയ എല്ലാ കളിക്കാരും സംശുദ്ധരാണെന്നും ഐസിസി അഴിമതി വിരുദ്ധ സംഘത്തലവൻ അലക്സ് മാർഷൽ പറഞ്ഞു. ചരിത്രത്തിലാദ്യമായി ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കൊപ്പം അവരവരുടെ അഴിമതി വിരുദ്ധ മാനേജർമാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ 15 കളിക്കാർക്കെതിരേ ഐസിസി നടപടി സ്വീകരിച്ചു. അവരിൽ ആരും ലോകകപ്പിനായി ഇംഗ്ലണ്ടിൽ എത്തിയിട്ടില്ലെന്നും മാർഷൽ പറഞ്ഞു. ക്രിക്കറ്റിനെ അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.