കിരീട റിക്കാർഡിൽ ആൽവസ്
Monday, April 22, 2019 11:39 PM IST
പാരീസ്: ലോകഫുട്ബോളിൽ കിരീടങ്ങളുടെ മലതീർത്ത് ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസ്. മുപ്പത്തഞ്ചുകാരനായ ആൽവസിന്റെ അക്കൗണ്ടിൽ കിരീടങ്ങളുടെ എണ്ണം 42 ആയി. ഫ്രഞ്ച് ലീഗ് വണ്‍ കിരീടം പാരീ സാൻ ഷെർമയ്ൻ ഉറപ്പിച്ചതോടെയാണ് ആൽവസിന്റെ കിരീട നേട്ടം പങ്കാളിത്തം 42ൽ എത്തിയത്.
ഫുട്ബോൾ കരിയറിൽ ഏറ്റവുമധികം കിരീടനേട്ടങ്ങളിൽ പങ്കാളിയായ താരമെന്ന നേട്ടം ആൽവസ് സ്വന്തമാക്കി. ക്ലബ്ബുകൾക്കും രാജ്യത്തിനുമായി 41 കിരീടങ്ങൾ സ്വന്തമാക്കിയ ഈജിപ്ഷ്യൻ താരം ഹൊസ്സാം ഹസനെയാണ് ആൽവസ് മറികടന്നത്.
ബ്രസീലിയൻ ക്ലബ് ബെഹിയയ്ക്കൊപ്പമാണ് ആൽവസ് ആദ്യമായി കിരീടനേട്ടം കൈവരിച്ചത്. മൂന്ന് കിരീടങ്ങൾ ബെഹിയയ്ക്കൊപ്പം ആൽവസ് സ്വന്തമാക്കി. തുടർന്ന് സ്പാനിഷ് ക്ലബ്ബുകളായ സെവിയ്യയിലും (അഞ്ച്) ബാഴ്സലോണയിലുമായി (23) 28 കിരീടങ്ങൾ. യുവന്റസിലെത്തിയപ്പോൾ അവിടെയും രണ്ട് കിരീടങ്ങളുടെ പങ്കാളിയായി. പിഎസ്ജിയിൽ ഇത് അഞ്ചാം തവണയും. ബ്രസീലിനൊപ്പം നാല് കിരീടങ്ങളിലും ആൽവസ് പങ്കാളിയായിട്ടുണ്ട്. ബാഴ്സലോണയിൽ ആറ് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമടക്കമാണ് 23 തവണ വിജയക്കൊടി നാട്ടിയത്.
കിരീട വേട്ടക്കാർ
ഡാനി ആൽവസ് ബ്രസീൽ 42
ഹൊസ്സാം ഹസൻ ഈജിപ്ത് 41
ആന്ദ്രേ ഇനിയെസ്റ്റ സ്പെയിൻ 37
മാക്സ് വെൽ ബ്രസീൽ 37
ഇബ്രാഹിം ഹസൻ ഈജിപ്ത് 37