ട്രംപിന്റെ വിമർശകനായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുമേൽ ക്രിമിനൽ കുറ്റം
Saturday, October 18, 2025 12:23 AM IST
വാഷിംഗ്ടൺ ഡിസി: ഒന്നാം ട്രംപ് ഭരണത്തിൽ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടനെതിരേ ക്രിമിനൽ കുറ്റം ചുമത്തി. പദവിയിലിരിക്കേ രഹസ്യരേഖകൾ കുടുംബാംഗങ്ങളുമായി പങ്കുവച്ചു എന്നാണു കേസ്.
മെരിലാൻഡിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 18 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 78 വയസുള്ള ബോൾട്ടന് ഓരോ കുറ്റത്തിനും പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാം.
പ്രസിഡന്റ് ട്രംപിന്റെ വിമർശകരെ ലക്ഷ്യമിട്ടുള്ള പ്രതികാരനടപടികളുടെ ഇരയാണ് ബോൾട്ടൻ എന്ന ആരോപണം ഉയർന്നിട്ടുണ്ട്. 2018-19 കാലഘട്ടത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബോൾട്ടനെ ട്രംപ് പുറത്താക്കുകയായിരുന്നു.
ബോൾട്ടൻ ഇപ്പോഴും നിശിത വിമർശനങ്ങളിലൂടെ ട്രംപിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഓഗസ്റ്റിൽ ബോൾട്ടന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു.
പ്രസിഡന്റ് ട്രംപ് ശത്രുക്കളായി കാണുന്നവർക്കെതിരേ നിയമവകുപ്പിനെ ഉപയോഗിക്കുകയാണെന്ന് ബോൾട്ടൻ ഇന്നലെ പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ല എന്നാണു നിയമവകുപ്പ് മേധാവി പാം ബോണ്ടി പറഞ്ഞത്.
ട്രംപിന്റെ വിമർശകനായ മുൻ എഫ്ബിഐ മേധാവി ജയിംസ് കോമിക്കെതിരേ, കോൺഗ്രസിനോട് നുണ പറഞ്ഞു എന്ന കുറ്റം കഴിഞ്ഞമാസം ചുമത്തിയിരുന്നു. ന്യൂയോർക്ക് നഗരത്തിലെ അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസിനെതിരേ ബാങ്ക് തട്ടിപ്പിന്റെ പേരിലും കുറ്റം ചുമത്തി.