ട്രംപ്വിരുദ്ധ റാലിയിൽ ദശലക്ഷങ്ങൾ
Monday, October 20, 2025 1:01 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിനെതിരേ ശനിയാഴ്ച അമേരിക്കയിലുടനീളം നടന്ന ‘നോ കിംഗ്’ റാലികളിൽ 70 ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ന്യൂയോർക്ക് നഗരത്തിലെ റാലികളിൽ മാത്രം ഒരു ലക്ഷം പേരുടെ സാന്നിധ്യമുണ്ടായി. റാലിയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പോലുള്ള സംഘടനകളാണ് റാലി സംഘടിപ്പിച്ചത്. ട്രംപിന്റെ അധികാര ദുർവിനിയോഗം, കുടിയേറ്റവിരുദ്ധത, രാഷ്ട്രീയ ശത്രുക്കളെ കേസിൽ കുടുക്കൽ തുടങ്ങിയ നടപടികൾക്കെതിരായിട്ടായിരുന്നു റാലി.
പ്രതിഷേധ പ്രകടനങ്ങൾക്കു പിന്നിൽ തീവ്രഇടതുപക്ഷമാണെന്ന് ട്രംപിന്റെ അനുയായികൾ ആരോപിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുൻകരുതലായി നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചിരുന്നു. വാഷിംഗ്ടൺ ഡിസി, ഷിക്കാഗോ, മയാമി, ലോസ് ആഞ്ചലസ് തുടങ്ങിയ വൻ നഗരങ്ങളിലെല്ലാം പ്രകടനങ്ങൾ അരങ്ങേറി. രാജാവ് വേണ്ട, ജനാധിപത്യം രാജഭരണമല്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. താൻ രാജാവ് അല്ലെന്ന് ട്രംപ് ഇന്നലെ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു.