യുക്രെയ്നിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യ
Thursday, October 23, 2025 1:38 AM IST
കീവ്: ട്രംപ്-പുടിൻ ചർച്ച ഉടൻ നടക്കില്ലെന്ന് അമേരിക്ക സൂചന നൽകിയതോടെ യുക്രെയ്നിൽ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണങ്ങളിൽ രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കിന്റർഗാർട്ടൻ സ്കൂളിനുനേരേയുണ്ടായ ആക്രമണത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്.
കുട്ടികളുൾപ്പെടെ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഊർജകേന്ദ്രങ്ങൾക്കുനേരേയും റഷ്യ ഡ്രോൺ ആക്രമണം നടത്തി. വിദേശത്തുനിന്നുള്ള സമ്മർദം കുറഞ്ഞതാണ് യുക്രെയ്നെതിരേ കനത്ത ആക്രമണം നടത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുടിനുമായി ട്രംപ് നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ലെന്നാണ് അമേരിക്ക ഇന്നലെ സൂചന നൽകിയതെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞത്.
കൂടിക്കാഴ്ചയ്ക്കുള്ള തീയതി തീരുമാനിക്കേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കൊവ് അറിയിച്ചു. യുക്രെയ്ൻ വിഷയത്തിലുള്ള കൂടിക്കാഴ്ച ഇരു പ്രസിഡന്റുമാരുടെയും ആഗ്രഹമാണെന്നും ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.