ആയുധം താഴെവയ്ക്കില്ലെന്നു സൂചിപ്പിച്ച് ഹമാസ് നേതാവ്
Saturday, October 18, 2025 10:38 PM IST
ദോഹ: ആയുധം വെടിയാൻ താത്പര്യമില്ലെന്നും ഇടക്കാലത്തേക്കു ഗാസയുടെ സുരക്ഷാ നിയന്ത്രണം തുടരാനാണ് ഉദ്ദേശ്യമെന്നും സൂചിപ്പിച്ച് ഹമാസിന്റെ മുതിർന്ന നേതാവ് മുഹമ്മദ് നാസൽ.
യുദ്ധത്തിൽ നശിച്ച ഗാസയുടെ പുനരുദ്ധാരണത്തിനായി അഞ്ചു വർഷംവരെ വെടിനിർത്തലിനു തയാറാണെന്നും ഹമാസ് പോളിറ്റ് ബ്യൂറോ അംഗമായ നാസൽ ഖത്തറിൽനിന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിപ്രകാരം യാഥാർഥ്യമായ ഗാസ വെടിനിർത്തലിനു ഭീഷണിയാണ് നാസലിന്റെ നിലപാട്. ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ ഭരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആരംഭിക്കാനിരിക്കേയാണ് നാസൽ നിലപാടു വ്യക്തമാക്കിയതെന്നതും ശ്രദ്ധേയം.
ഹമസ് ആയുധം വെടിയുമോ എന്ന ചോദ്യത്തിന്, തയാറാണെന്നും അല്ലെന്നും പറയാൻ പറ്റില്ലെന്നാണ് നാസൽ മറുപടി നല്കിയത്. നിരായുധീകരണ പദ്ധതിയെ ആശ്രയിച്ചായിരിക്കും ഹമാസിന്റെ തീരുമാനം.
ഹമാസ് ആർക്കാണ് ആയുധങ്ങൾ കൈമാറേണ്ടതെന്നും നാസൽ ചോദിച്ചു. ഇനി ആരംഭിക്കാൻ പോകുന്ന ചർച്ചയിൽ, ഹമാസിന്റേതു മാത്രമല്ല ഇതര പലസ്തീൻ സംഘടനകളുടെയും ആയുധങ്ങൾ എന്തു ചെയ്യണം എന്നതു വിഷയമായിരിക്കും.
ഗാസയിൽ പരസ്യവധശിക്ഷകൾ നടപ്പാക്കുന്നതിനെ നാസൽ ന്യായീകരിച്ചു. യുദ്ധകാലത്ത് ഇത്തരം അസാധാരണ നടപടികൾ ഉണ്ടാകാം. കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ ക്രിമിനലുകളെയാണ് വധശിക്ഷയ്ക്കിരയാക്കിയത്. ഗാസയിൽ അവശേഷിക്കുന്ന ഇസ്രേലി ബന്ദി മൃതദേഹങ്ങൾ പിടിച്ചുവയ്ക്കാൻ ഹമാസിന് ഉദ്ദേശ്യമില്ലെന്നും നാസൽ കൂട്ടിച്ചേർത്തു.
ഇതുവരെ പത്തു മൃതദേഹങ്ങളാണ് ഹമാസ് ഇസ്രേയലിനു കൈമാറിയിട്ടുള്ളത്. 18 മൃതദേഹങ്ങൾകൂടി വിട്ടുകിട്ടാനുണ്ട്. ഇവ കണ്ടെത്താൻ സമയം വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തലിന്റെ ഒന്നാംഘട്ടത്തിൽ തന്നെ ഹമാസ് എല്ലാ ബന്ദികളെയും വിട്ടു നല്കേണ്ടതായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ്, നാസലിന്റെ അഭിമുഖത്തോടുള്ള പ്രതികരണമായി അറിയിച്ചു. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്.
ധാരണ പ്രകാരം ഹമാസ് ആയുധം ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ ഒരുവിധ ഒഴികഴിവും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.