ബംഗ്ലാദേശിൽ പ്രതിഷേധം; കണ്ണീർവാതകം പ്രയോഗിച്ചു
Saturday, October 18, 2025 12:23 AM IST
ധാക്ക: ബംഗ്ലാദേശിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്കു നേരേ കണ്ണീർവാതകവും ശബ്ദ ഗ്രനേഡുകളും ലാത്തിച്ചാർജും പ്രയോഗിച്ച് പോലീസ്. ജൂലൈ ക്വാർട്ടർ എന്നറിയപ്പെടുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കവേയാണ് പാർലമെന്റിനു മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്.
2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ പൊട്ടിപ്പുറപ്പെട്ട വ്യാപക അക്രമങ്ങളിൽ പരിക്കേറ്റവർക്ക് സർക്കാർ അംഗീകാരവും നിയമ പരിരക്ഷയും പുനരധിവാസവും നൽകണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിനു പ്രതിഷേധക്കാർ വേദിക്കു മുന്നിൽ ഒത്തുകൂടിയത്.
പാർലമെന്റ് പരിസരത്തേക്ക് അതിക്രമിച്ച് കടന്ന ജനങ്ങൾ അതിഥികൾക്കായി ഒരുക്കിയ കസേരകളിൽ ഇരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്വീകരണമുറിക്കും കൺട്രോൾ റൂമിനും ഫർണിച്ചറിനും തീയിടുകയും പോലീസ് വാഹനം തകർക്കുകയും ചെയ്തു.
ഇതേത്തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇടക്കാല സർക്കാർ നിയോഗിച്ച കമ്മീഷനും രാഷ്ട്രീയ പാർട്ടികളും തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾക്കു ശേഷമാണ് ജൂലൈ ചാർട്ടറിന് രൂപം നൽകിയത്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ചർച്ചകളുടെ ഭാഗമായില്ല.
ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ ആശീർവാദത്തോടെ ആരംഭിച്ച നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) ഇതിൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. രാജ്യം എങ്ങനെ ഭരിക്കണമെന്നതു സംബന്ധിച്ച 80 ശിപാർശകൾ നാഷണൽ കൺസെൻസസ് കമ്മീഷൻ തയാറാക്കിയ ചാർട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.
ഹസീന സർക്കാരിനെതിരേ പോരാടിയവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ഒപ്പിടുന്നതിന് മണിക്കൂറുകൾക്ക് മുൻപേ കൺസെൻസസ് കമ്മീഷനെ നയിക്കുന്ന യൂനുസ് തന്നെ അറിയിച്ചു.
എൻസിപിയെ അനുനയിപ്പിക്കാനുള്ള ഈ ഭേദഗതിയിൽ അവാമി ലീഗിനെ ഫാസിസ്റ്റ് എന്നും വിശേഷിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായമുണ്ടായാലും വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചാർട്ടർ രാജ്യത്തിന്റെ ഭരണഘടനയെ നിർവീര്യമാക്കാൻ കാരണമാകുമെന്ന് പ്രമുഖ നിയമജ്ഞൻ സ്വാധീൻ മാലിക് പറഞ്ഞു.