പാക്കിസ്ഥാനിൽ ഭീകരാക്രമണം; ഏഴു സൈനികർ കൊല്ലപ്പെട്ടു
Saturday, October 18, 2025 12:23 AM IST
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോടു ചേർന്ന നോർത്ത് വസീറിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു; 13 സൈനികർക്കു പരിക്കേറ്റു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള 48 മണിക്കൂർ വെടിനിർത്തൽ ഇന്നലെ അവസാനിക്കുന്നതിനു മുന്പായിട്ടാണ് ആക്രമണമുണ്ടായത്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണ് നോർത്ത് വസീറിസ്ഥാനിലെ പട്ടാളക്യാന്പ് ആക്രമിച്ചതെന്നു പാക് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവേർ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പട്ടാളക്യാന്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് ഏറ്റുമുട്ടലിനു കാരണമായത്.