ടോമഹ്വാക്: സെലൻസ്കി വെറുംകയ്യോടെ മടങ്ങി
Saturday, October 18, 2025 10:38 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യയെ നേരിടാൻ യുക്രെയ്ന് ദീർഘദൂര ടോമഹ്വാക് ക്രൂസ് മിസൈൽ നല്‍കാനാവില്ലെന്ന് പ്രസിഡന്റ് ട്രംപ്.
വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഉടൻ ധാരണയുണ്ടാക്കണമെന്നും സെലൻസ്കിയോട് ട്രംപ് ആവശ്യപ്പെട്ടു.
2500 കിലോമീറ്റർ ദൂരത്തിൽ ആക്രമിക്കാൻ കഴിയുന്ന ടോമഹ്വാക് മിസൈൽ നല്‍കണമെന്നാവശ്യപ്പെട്ടാണ് സെലൻസ്കി ട്രംപിനെ കണ്ടത്. ടോമഹ്വാക് ഇല്ലാതെതന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു.
സ്വയംപ്രതിരോധത്തിനായി അമേരിക്കയ്ക്ക് ഈ മിസൈലുകൾ ആവശ്യമുണ്ട്. യുക്രെയ്നു ടോമഹ്വാക് നല്‍കുന്നത് സംഘർഷം വർധിപ്പിക്കും. എന്നാൽ യുക്രെയ്നു ടോമഹ്വാക് നല്കുന്നതു സംബന്ധിച്ച ആലോചനകൾ തുടരുമെന്നും ട്രംപ് അറിയിച്ചു.
ഗാസയിൽ വെടിനിർത്തലുണ്ടാക്കാൻ കഴിഞ്ഞ ട്രംപിന് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും കഴിയുമെന്ന് സെലൻസ്കി പറഞ്ഞു. യുക്രെയ്നു ടോമഹ്വാക് ലഭിക്കുന്നതിനെ റഷ്യ ഭയപ്പെടുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുവച്ച് യുദ്ധം നിർത്താൻ തയാറാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചതിന്റെ പിറ്റേന്നാണ് സെലൻസ്കി വൈറ്റ് ഹൗസിലെത്തിയത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ട്രംപും പുടിനും ഹംഗറിയിലെ ബുഡാപെസ്റ്റിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.