പുടിൻ യുക്രെയ്നെ നശിപ്പിക്കും; സെലൻസ്കിക്ക് ട്രംപിന്റെ മുന്നറിയിപ്പ്
Monday, October 20, 2025 11:48 PM IST
കീവ്: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും ബുഡാപെസ്റ്റിൽ നടത്തുന്ന ഉച്ചകോടിയിലേക്കു ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. മൂന്നു പേരും തമ്മിൽ നേരിട്ടുള്ള മുഖാമുഖ ചർച്ചയ്ക്കോ പരോക്ഷ ചർച്ചയ്ക്കോ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, സെലൻസ്കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ നിർദേശങ്ങൾക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ തയാറാകണമെന്ന് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്.
കൂടിക്കാഴ്ചയിൽ പരുഷമായ ഭാഷ ഉപയോഗിച്ചതായും പറയുന്നു. റഷ്യൻ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുടിൻ യുക്രെയ്നെ തകർത്തുകളയുമെന്നു ട്രംപ് സെലൻസ്കിയോടു പറഞ്ഞുവത്രേ.
യുദ്ധമുന്നണി അടയാളപ്പെടുത്തിയ ഭൂപടം എടുത്തുകാണിച്ച ട്രംപ്, യുക്രെയ്നിലെ ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
റഷ്യക്കെതിരേ പ്രയോഗിക്കാൻ ദീർഘദൂര ടോമഹ്വാക് ക്രൂസ് മിസൈൽ നല്‍കണമെന്നാവശ്യപ്പെട്ടാണ് സെലൻസ്കി വൈറ്റ്ഹൗസിൽ ട്രംപിനെ കണ്ടത്. ട്രംപ് ഈ ആവശ്യം തള്ളിക്കളഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ പുടിനുമായി ബുഡാപെസ്റ്റിൽ ഉച്ചകോടി നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെലൻസ്കി വൈറ്റ്ഹൗസിലെത്തിയത്.
ട്രംപ് വ്യാഴാഴ്ച പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടി നടത്തുമെന്ന് അദ്ദേഹം അറിയിച്ചത്.