ഗാസയിൽ സമാധാനം നിലനിൽക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് വാൻസ്
Thursday, October 23, 2025 1:38 AM IST
ടെൽ അവീവ്: ഗാസയിൽ സമാധാനം നിലനിൽക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സമാധാനക്കരാറിന്റെ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം ഇന്നലെ ദക്ഷിണ ഇസ്രയേലിലെ കിര്യാത് ഗാറ്റിൽ തുറന്ന വെടിനിർത്തൽ കോ-ഓർഡിനേഷൻ സെന്റർ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പിട്ടിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആത്മാർഥമായി പറഞ്ഞാൽ കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്. ഹമാസ് സഹകരിച്ചില്ലെങ്കിൽ ട്രംപ് പറഞ്ഞതുപോലെ അവർ തുടച്ചുനീക്കപ്പെടും -വാൻസ് പറഞ്ഞു.
ഹമാസിന്റെ നിരായുധീകരണം ചർച്ച ചെയ്ത് പരിഹരിക്കാനാകാത്ത വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങളെ പർവതീകരിച്ച് സമാധാനപദ്ധതി പാളിയെന്ന തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്യമാധ്യമങ്ങളുടെ രീതിയെ അദ്ദേഹം വിമർശിച്ചു.
ഇനിയും ചെയ്തുതീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണതോതിൽ നടപ്പാകാൻ ഇനിയും ഏറെ സമയമെടുക്കും. കൊല്ലപ്പെട്ട എല്ലാ ബന്ദികളുടെയും മൃതദേഹങ്ങൾ വിട്ടുനൽകാൻ ഹമാസ് വൈകുന്ന വിഷയം പരിഹരിക്കും.
കൊല്ലപ്പെട്ട പല ബന്ദികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്ന സ്ഥലങ്ങൾ വ്യോമാക്രമണങ്ങളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. പെട്ടെന്ന് ഇവ വീണ്ടെടുക്കാനാകില്ല. ചില ബന്ദികൾ എവിടെയാണുള്ളത് എന്നതിനെക്കുറിച്ച് ഹമാസിനുതന്നെ നിശ്ചയമില്ല-വാൻസ് പറഞ്ഞു.
ജറൂസലെമിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ വാൻസ് ട്രംപിന്റെ സമാധാന പദ്ധതിയുടെ തുടർഘട്ടങ്ങൾ ചർച്ച ചെയ്തു. അമേരിക്കയുടെ മധ്യപൂർവദേശത്തിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ ഉപദേശകൻകൂടിയായ മരുമകൻ ജാറെദ് കുഷ്നർ എന്നിവരും വാൻസിനൊപ്പമുണ്ടായിരുന്നു.
അതേസമയം, സമാധാന പദ്ധതിയുടെ പുരോഗതി വിലയിരുത്താനും കൂടുതൽ ചർച്ചകൾക്കുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ന് ടെൽ അവീവിലെത്തും.
ഹമാസ് വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് രാജ്യാന്തര സേനയെ അയയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് ഇരുവരുടെയും സന്ദർശനമെന്നതു ശ്രദ്ധേയമാണ്. നിലപാടുകൾ തിരുത്താൻ ഹമാസിന് ഒരവസരംകൂടി നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കിര്യാത് ഗാറ്റിലെ വ്യവസായമേഖലയിൽ തുറന്ന കോ-ഓർഡിനേഷൻ സെന്ററിൽ ഇസ്രേലി, യുഎസ് സൈനികർക്കൊപ്പം യുകെ, കാനഡ, ജർമനി, ഡെന്മാർക്ക്, ജോർദാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സൈനികരുമുണ്ട്.
അതേസമയം, കൊല്ലപ്പെട്ട രണ്ടു ബന്ദികളുടെ മൃതദേഹംകൂടി ഹമാസ് ചൊവ്വാഴ്ച രാത്രിയിൽ റെഡ്ക്രോസ് മുഖേന ഇസ്രയേലിന് വിട്ടുനൽകി.