സമാധാനം ഉറപ്പിക്കാൻ വാൻസ് ഇസ്രയേലിൽ
Tuesday, October 21, 2025 10:18 PM IST
ഗാസ: ഗാസ വീണ്ടും സംഘർഷത്തിലേക്കെന്ന ആശങ്കകൾക്കിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇസ്രയേലിൽ. ഭാര്യ ഉഷയ്ക്കൊപ്പമൊത്തിയ ജെ.ഡി. വാൻസ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം അമേരിക്കയുടെ രണ്ട് ഉന്നത പ്രതിനിധികൾ ഇസ്രയേലിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിനിടെ മറ്റൊരു ബന്ദിയുടെ മൃതദേഹംകൂടി ഹമാസ് വിട്ടുനൽകി. ഒക്ടോബർ ഏഴിനു നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട താൽ ഹെയ്മിയുടെ മൃതദേഹമാണ് വിട്ടുനൽകിയതെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസ അതിർത്തിയിലെ കിബുട്സ് നിർ യിഷാക്കിൽനിന്നാണ് 4 ഹെയ്മിയെ (42) ഹമാസ് തട്ടിക്കൊണ്ടുപോയത്.
വെടിനിർത്തൽ നിബന്ധനകൾ പ്രകാരം, ഇനിയും 15 ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറേണ്ടതുണ്ട്. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം പതിമൂന്ന് മൃതദേഹങ്ങളാണ് വിട്ടുനൽകിയത്. ഇസ്രയേൽ വീണ്ടും ആക്രമണം കടുപ്പിച്ചെങ്കിലും വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് അറിയിച്ചത് പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്.
തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 45 പലസ്തീനികളും കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് സൈനികരും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.