ചാൾസ് രാജാവും കാമില രാജ്ഞിയും നാളെ വത്തിക്കാനിൽ
Wednesday, October 22, 2025 1:53 AM IST
വത്തിക്കാന്‍ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും നാളെ വത്തിക്കാനിലെത്തും.
ഇരുവരും നാളെ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം എക്യുമെനിക്കല്‍ പ്രാർഥനയിൽ പങ്കെടുക്കും. നാളെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടക്കുക.
പ്രാർഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് രാജാവും രാജ്ഞിയും റോമ നഗരത്തിനു പുറത്തുള്ള സെന്റ് പോൾ ബസിലിക്ക സന്ദർശിക്കും. ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവിനെ റോയൽ കൊൺഫ്രാറ്റർ ഓഫ് സെന്റ് പോൾ എന്ന പദവി നൽകി ആദരിക്കും.
പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും രാജ്ഞിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. സന്ദർശനം ചരിത്രപരമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയത്. ക്രൈസ്തവ ഐക്യത്തിനും പരിസ്ഥിതിസംരക്ഷണത്തിലും ഊന്നൽ നൽകിയുള്ള ഈ സന്ദർശനം ആംഗ്ലിക്കൻ-കത്തോലിക്കാ ബന്ധത്തിലെ ചരിത്രനിമിഷമെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
"പ്രത്യാശയുടെ തീർഥാടകർ' എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാ സഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് 12 ദിവസം മുന്‍പ് ഏപ്രിൽ ഒന്‍പതിന് ചാൾസ് രാജാവും രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാർപാപ്പ താമസിച്ചിരുന്ന കാസ സാന്ത മാർത്ത അപ്പാർട്ട്മെന്റിലായിരുന്നു കൂടിക്കാഴ്ച.
ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാൻസിസ് മാർപാപ്പ ഇരുവരെയും ആശീര്‍വദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.