ഇന്ത്യ-പാക് സംഘർഷം; അവകാശവാദം ആവർത്തിച്ച് ട്രംപ്
Tuesday, October 21, 2025 2:15 AM IST
വാഷിംഗ്ടൺ: ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഏഴുവിമാനങ്ങൾ വെടിവച്ചിട്ടുവെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും വിമാനങ്ങൾ ഏതു രാജ്യത്തിന്റേതാണെന്നു ഇത്തവണയും വിശദീകരിച്ചില്ല.
തീരുവ ചുമത്തുമെന്ന ഭീഷണിയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയെയും പാക്കിസ്ഥാനെയും പ്രേരിപ്പിച്ചതെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ ആണവയുദ്ധത്തിനു സാധ്യതയുണ്ടായിരുന്നു. ലക്ഷക്കണക്കിനു ജീവനുകൾ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പ്രശംസിച്ചിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഇരുരാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നു-ട്രംപ് വിശദീകരിക്കുന്നു.
കഴിഞ്ഞ മേയ് പത്തിന് സമൂഹമാധ്യമപോസ്റ്റിലാണ് യുദ്ധം അവസാനിപ്പിച്ചുവെന്ന് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് ഒരു ഡസനോളം തവണ അവകാശവാദം ആവർത്തിക്കുകയായിരുന്നു.
സംഘർഷം അവസാനിച്ചത് സൈനികതലത്തിലുള്ള ചർച്ചയെത്തുടർന്നാണെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
ഏപ്രിൽ 22ന് ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തിനു തിരിച്ചടിയായി മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ മിന്നലാക്രമണം നടത്തിയത്.