വെനസ്വേലൻ തീരത്ത് വീണ്ടും യുഎസ് ആക്രമണം
Saturday, October 18, 2025 12:23 AM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്നു മയക്കുമരുന്ന് കടത്തുന്നു എന്നാരോപിക്കപ്പെടുന്ന ബോട്ടിനു നേർക്ക് യുഎസ് സേന വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇതാദ്യമായി ആക്രമണത്തിനിരയായ ചിലർ രക്ഷപ്പെട്ടതായും പറയുന്നു.
ആക്രമണവാർത്ത അമേരിക്കൻ വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റ് ട്രംപാണ് ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുള്ളത്.
ഇതുംകൂടി ചേർന്ന് ആറ് ആക്രമണങ്ങളാണു യുഎസ് സേന നടത്തിയിട്ടുള്ളത്. മുന്‍പത്തെ അഞ്ച് ആക്രമണങ്ങളിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതി അന്വേഷണം നടത്തണമെന്നു വെനസ്വേല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
വെനസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക കരീബിയൻ മേഖലയിൽ സേനാ വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. എഫ്-35 യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ആയിരക്കണക്കിന് സൈനികരും മേഖലയിലെത്തി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരഭ്രഷ്ടനാക്കാനാണു ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നു റിപ്പോർട്ടുണ്ട്. ചാരസംഘടനയായ സിഐഎയ്ക്ക് വെനസ്വേലയിൽ രഹസ്യ ഓപ്പറേഷൻ നടത്താൻ അനുമതി നല്‍കിയതായി ട്രംപ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ, ആക്രമണങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന യുഎസ് നാവികസേനാ അഡ്മിറൽ ആൽവിൻ ഹോൾസേ രാജി പ്രഖ്യാപിച്ചു. യുഎസ് തെക്കൻ കമാൻഡിന്റെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് ഒരു വർഷത്തെ സർവീസ് കൂടിയുണ്ട്. ഡിസംബറിൽ പദവി ഒഴിയുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.