ഇമ്രാൻ ഖാന്റെ സഹോദരിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
Thursday, October 23, 2025 1:38 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെതിരേ തീവ്രവാദ വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. റാവൽപിണ്ടിയിലുള്ള കോടതി നാലാം തവണയാണ് ഇമ്രാൻ ഖാന്റെ തെഹ്രിക് കെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാറണ്ട് അയയ്ക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് പ്രതിഷേധങ്ങൾ നടന്നത്. അലീമ ഒഴികെയുള്ള 11 പ്രതികളിൽ 10 പേരും കോടതിയുടെ മുന്പാകെ ഹാജരായെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. വ്യാജ റിപ്പോർട്ട് ഫയൽ ചെയ്തതിന് പോലീസ് സൂപ്രണ്ട് സാദ് അർഷാദിനും ഡെപ്യൂട്ടി സൂപ്രണ്ട് നയീമിനും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
കോടതിയലക്ഷ്യത്തിന് ഇവരോട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അലീമ ഒളിവിലാണെന്നാണ് ഇവർ റിപ്പോർട്ട് നൽകിയതെങ്കിലും ഇമ്രാൻ ഖാൻ കഴിയുന്ന അദിയാല ജയിൽ പരിസരത്ത് ഇവരെ കണ്ടെന്നും കോടതി വ്യക്തമാക്കി.
2014 നവംബർ 26ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പതിനായിരത്തിലധികം വരുന്ന പാർട്ടി പ്രവർത്തകർ വിലക്ക് ലംഘിച്ച് പൊതുസമ്മേളനങ്ങൾ നടത്തുകയും 20,000ത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.