സർക്കോസിയുടെ ജയിൽശിക്ഷ ആരംഭിച്ചു
Tuesday, October 21, 2025 10:18 PM IST
പാരീസ്: അഞ്ച് വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ ജയിൽശിക്ഷ ആരംഭിച്ചു.
2007ലെ തന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ലിബിയയിലെ അന്തരിച്ച മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ പക്കൽനിന്നും ധനസഹായം കൈപ്പറ്റിയെന്നതാണു കേസ്.
കഴിഞ്ഞ മാസമാണ് അദ്ദേഹം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ആധുനിക ഫ്രാൻസിലെ ഒരു മുൻ നേതാവ് ആദ്യമായാണ് തടവുശിക്ഷയ്ക്കു വിധിക്കപ്പെടുന്നത്.
ലാ സാന്റെ ജയിലിലേക്കു കാറിൽ യാത്ര പുറപ്പെട്ട അദ്ദേഹം “ഒരു നിരപരാധിയായ മനുഷ്യനാണ് തടവിലാക്കപ്പെടുന്നത്’’ എന്ന പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കി.
സർക്കോസിക്കു പിന്തുണ അറിയിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി നിരവധിപ്പേർ തെരുവുകളിൽ ഒത്തുകൂടിയിരുന്നു. സുരക്ഷാ കാരണങ്ങൾ മൂലം സഹതടവുകാരുമായുള്ള സന്പർക്കം ഒഴിവാക്കി ഏകാന്തതടവിലായിരിക്കും അദ്ദേഹത്തെ പാർപ്പിക്കുക.
തന്റെ ജയിൽജീവിതത്തെക്കുറിച്ചു പുസ്തകം രചിക്കാൻ സർക്കോസിക്കു പദ്ധതിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഒരു ഫ്രഞ്ച് മാധ്യമത്തോടു പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനായുള്ള കോടതി നടപടികളുമായി മുന്നോട്ടു പോകാനാണ് അഭിഭാഷകരുടെ തീരുമാനം.