ബൊളീവിയയിൽ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് വോട്ടർമാർ
Monday, October 20, 2025 11:48 PM IST
ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് മധ്യ നിലപാടുകൾ പുലർത്തുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് റൊദ്രിഗോ പാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യസുരക്ഷാ പദ്ധതികൾക്കൊപ്പം സ്വകാര്യ നിക്ഷേപത്തിൽ അധിഷ്ഠിതമായ വികസനവും പ്രോത്സാഹിപ്പിക്കണം എന്നു വാദിക്കുന്ന റൊദ്രിഗോ നവംബർ എട്ടിനാണു സത്യപ്രതിജ്ഞ ചെയ്യുക. ബൊളീവിയയെ ലോകത്തിനായി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പ്രഖ്യാപിച്ചു.
മൂവ്മെന്റ് ഫോർ സോഷ്യലിസം എന്ന ഇടതു പാർട്ടിയുടെ 2006 മുതലുള്ള ഭരണത്തിൽ ബൊളീവിയൻ സാന്പത്തികമേഖല തകർന്നടിഞ്ഞപ്പോൾ പരന്പരാഗത വോട്ടർമാർ മാറിച്ചിന്തിച്ചതാണ് റൊദ്രിഗസിന്റെ വിജയത്തിനു വഴിച്ചത്.
രണ്ടാം ഘട്ടത്തിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്റ് ഹോർഹെ ടൂട്ടോ ക്വിരോഗയെയാണ് റൊദ്രിഗസ് പരാജയപ്പെടുത്തിയത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മൂവ്മെന്റ് ഫോർ സോഷ്യലിസം പാർട്ടി സ്ഥാനാർഥിയും ആഭ്യന്തര മന്ത്രിയുമായ എഡ്വാർഡോ ഡെൽ കാസ്റ്റില്ലോയ്ക്ക് മൂന്നു ശതമാനം വോട്ടു മാത്രമാണു ലഭിച്ചത്.
അതേസമയം, റൊദ്രിഗോയുടെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ല. ഭരണം സുഗമമാക്കുന്നതിന് അദ്ദേഹത്തിന് ഇതര കക്ഷികളുടെ സഹായം വേണ്ടിവരും.