എച്ച് വൺ ബി വീസ ഫീസ്: ഇളവുകളുമായി പുതിയ മാർഗനിർദേശങ്ങൾ
Wednesday, October 22, 2025 1:53 AM IST
ന്യൂയോർക്ക്: യുഎസിലേക്കുള്ള എച്ച് വൺ ബി വീസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനിച്ച നടപടിയിൽ കൂടുതൽ വിശദീകരണം പുറത്തിറക്കി അധികൃതർ.
താമസം നീട്ടുന്നതിനോ സ്റ്റാറ്റസ് മാറ്റുന്നതിനോ വേണ്ടിയുള്ള അപേക്ഷകൾക്ക് വർധിപ്പിച്ച ഫീസ് ബാധകമായിരിക്കില്ലെന്നു യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
പ്രസിഡന്റ് ട്രംപ് സെപ്റ്റംബർ 19ന് നടത്തിയ പ്രഖ്യാപനത്തിന് മുൻപ് അനുവദിച്ചതും ഇപ്പോഴും സാധുവായതുമായ എച്ച് വൺ ബി വീസകൾക്കു ഫീസ് ബാധകമായിരിക്കില്ല. സെപ്റ്റംബർ 21 രാവിലെ 12.01ന് മുൻപ് സമർപ്പിച്ച അപേക്ഷകൾക്കും ഒഴിവുണ്ട്.
നിലവിൽ എച്ച് വൺ ബി വീസ സ്വന്തമായുള്ളവർക്ക് സ്വതന്ത്രമായി യുഎസിന് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാമെന്നും പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. എഫ് 1 സ്റ്റുഡന്റ് സ്റ്റാറ്റസിൽനിന്നു എച്ച് വൺ ബി സ്റ്റാറ്റസിലേക്കു മാറാനുദ്ദേശിക്കുന്നവർക്കും ഫീസ് വർധന ബാധകമാകില്ല.
യുഎസിന് വെളിയിലുള്ളവർ രാജ്യത്തേക്കു വരാനായി നൽകുന്ന അപേക്ഷകൾക്കാണു ഫീസ് ഉണ്ടാകുകയെന്നു കുടിയേറ്റ നിയമവിദഗ്ധർ പറയുന്നു. ഒരു വർഷം 65,000 എച്ച് വൺ ബി വീസകൾ വരെ യുഎസ് നൽകിപ്പോരുന്നുണ്ട്. ഇതിനുപുറമേ, യുഎസിൽനിന്ന് മാസ്റ്റേഴ്സ് ബിരുദമോ മറ്റ് ഉന്നത ബിരുദങ്ങളോ കരസ്ഥമാക്കിയവർക്ക് അനുവദിക്കാനായി 20,000 എണ്ണംകൂടി പുറത്തിറക്കാറുണ്ട്.