50 കാൻസറുകൾ മുൻകൂട്ടി കണ്ടെത്താം; ചികിത്സയിൽ വഴിത്തിരിവാകാൻ ഗലേരി ടെസ്റ്റ്
Saturday, October 18, 2025 10:38 PM IST
ലണ്ടൻ: അന്‍പതോളം കാൻസറുകൾ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയായ ഗ്രെയില്‍ കണ്ടെത്തിയ ഗലേരി ടെസ്റ്റിലൂടെയാണ്, മുന്‍കൂട്ടി രോഗനിര്‍ണയം അസാധ്യമായ വിവിധ തരം കാൻസറുകള്‍ കണ്ടെത്താൻ സാധിക്കുന്നത്.
കാൻസർ മൂലമുള്ള ട്യൂമറില്‍നിന്ന് രക്തത്തിൽ കലരുന്ന ഡിഎന്‍എ ശകലങ്ങളെ കണ്ടുപിടിക്കാന്‍ കെല്പുള്ള ഗലേരി ടെസ്റ്റ് യുഎസിലെയും കാനഡയിലെയും 25,000 പേരിൽ പരീക്ഷിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും (എന്‍എച്ച്എസ്) ഈ ടെസ്റ്റിന്റെ പരീക്ഷണം നടത്തുന്നുണ്ട്.
മുൻകൂട്ടി കണ്ടെത്താനായാല്‍ പല കാൻസറുകളും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ഒറേഗോൺ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റി പ്രഫസറും ഗവേഷകനുമായ ഡോ. നിമ നാബാവിസാദേ പറയുന്നു.
ഗലേരി ടെസ്റ്റ് പ്രകാരം നെഗറ്റീവ് ഫലം ലഭിച്ച 99 ശതമാനം പേരിലും അര്‍ബുദത്തിന്റെ സാധ്യത എഴുതിത്തള്ളി. സ്ക്രീനിംഗ് പ്രോഗ്രാമുകള്‍ ലഭ്യമല്ലാത്ത അണ്ഡാശയ, വൃക്ക, ഉദര, മൂത്രാശയ, പാന്‍ക്രിയാറ്റിക് കാൻസറുകളാണ് ഈ ടെസ്റ്റിലൂടെ കൃത്യമായി കണ്ടെത്താനായത്. പത്തില്‍ ഒന്‍പത് കേസുകളിലും അര്‍ബുദത്തിന്റെ ആരംഭം കണ്ടെത്താനായി.
അതേസമയം, രക്തപരിശോധനയിലൂടെ പല കാൻസറും കണ്ടെത്താന്‍ സാധിക്കുമെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് നിരവധി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. പഠനത്തിന്റെ പ്രാരംഭ ഫലങ്ങള്‍ ബെര്‍ലിനിലെ യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി കോണ്‍ഗ്രസില്‍ ഉടന്‍ പുറത്തുവിടും.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് 1,40,00 രോഗികളിൽ നടത്തുന്ന മൂന്ന് വര്‍ഷംനീളുന്ന പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്ന് നിരീക്ഷിക്കപ്പെടുന്നു. പരീക്ഷണം വിജയിച്ചാൽ പത്തു ലക്ഷം ജനങ്ങളിൽ ടെസ്റ്റ് നടത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.