ജപ്പാനുവേണ്ടി മാപ്പു ചോദിച്ച മുറയാമ അന്തരിച്ചു
Saturday, October 18, 2025 12:23 AM IST
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് സേന ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ അതിക്രമങ്ങൾക്കു മാപ്പു ചോദിച്ച മുൻ പ്രധാനമന്ത്രി തൊമിച്ചി മുറയാമ നൂറ്റിയൊന്നാം വയസിൽ അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ സ്വദേശമായ ഒയിത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ജപ്പാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന മുറയാമ 1994 മുതൽ 1966 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 50-ാം വാർഷികമായിരുന്ന 1995ൽ അദ്ദേഹം നടത്തിയ പശ്ചാത്താപ പ്രകടനം ‘മുറയാമ പ്രസ്താവന’ എന്നാണ് അറിയപ്പെടുന്നത്.
തെറ്റായ ദേശീയ നയത്തിന്റെ പേരിൽ യുദ്ധത്തിന്റെ വഴി സ്വീകരിച്ച ജപ്പാൻ ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങൾക്കു തീരാദുരിതങ്ങൾ വിതച്ചതിൽ മാപ്പു ചോദിക്കുന്നതായും, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കുകയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.