ലൂവ്റ് മ്യൂസിയം തുറന്നു, കവർച്ചക്കാരെക്കുറിച്ച് സൂചനയില്ല
Thursday, October 23, 2025 1:38 AM IST
പാരീസ്: പാരീസിലെ ലോകപ്രശസ്ത ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന പ്രതികളെക്കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാപക അന്വേഷണമാണു നടത്തിവരുന്നത്. ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
കവർച്ച നടന്നതിനു പിന്നാലെ അടച്ചിട്ട മ്യൂസിയം മൂന്നു ദിവസത്തിനുശേഷം ഇന്നലെ തുറന്നു.എന്നാൽ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട അപ്പോളോ ഗാലറി സീൽ ചെയ്തിരിക്കുകയാണ്. ഫ്രാൻസിന്റെ ചരിത്രവും പാരമ്പര്യവുമായി അഭേദ്യ ബന്ധമുള്ള ആഭരണങ്ങളാണ് ലൂവ്റിലിൽനിന്നു കവർച്ച ചെയ്യപ്പെട്ടത്.
അതിനാൽത്തന്നെ കവർച്ചക്കാരെ കണ്ടെത്തി ആഭരണങ്ങൾ വീണ്ടെടുക്കേണ്ടതു രാജ്യത്തിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് ഇന്നലെ പറഞ്ഞത്.
നൂറിലേറെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ലൂവ്റ് മ്യൂസിയത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിൽ പ്രസിഡന്റ് എമ്മാനുവൽ മക്രോൺ നിർദേശം നൽകി.
രാജ്യത്തിനു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കവർച്ച നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാരീസ് പ്രോസിക്യൂട്ടർ ലൗറെ ബെക്കുവ പറഞ്ഞു.