ലബനനിലെ യുഎൻ സമാധാന സേന വീണ്ടും ആക്രമിക്കപ്പെട്ടു
Saturday, October 12, 2024 1:49 AM IST
ബെയ്റൂട്ട്: തെക്കൻ ലബനനിലെ യുഎൻ സമാധാനസേനയ്ക്കു നേർക്ക് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി. നിരീക്ഷണ ടവറിനു നേർക്കുണ്ടായ വെടിവയ്പിൽ രണ്ട് സേനാംഗങ്ങൾക്കു പരിക്കേറ്റു. ഇതോടെ ഇസ്രേലി ആക്രമണത്തിൽ പരിക്കേറ്റ സമാധാന സേനാംഗങ്ങളുടെ എണ്ണം നാലായി.
കഴിഞ്ഞദിവസം യുഎൻ സമാധാനസേനാ ഹെഡ്ക്വാർട്ടേഴ്സിനു നേർക്ക് ഇസ്രേലി ടാങ്ക് നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്തോനേഷ്യൻ സൈനികർക്കു പരിക്കേറ്റിരുന്നു. പരിക്ക് സാരമല്ലെങ്കിലും ഇസ്രേലി സേനയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സമാധാനസേന വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ലബനനിലെ ഇടക്കാലസേന (യുണിഫിൽ) 1978ലാണ് ലബനനിൽ വിന്യസിക്കപ്പെട്ടത്. ഇസ്രേലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും പതിനായിരത്തിനു മുകളിൽ സൈനികർ ലബനനിൽ തുടരുമെന്ന് യുണിഫിൽ ഇന്നലെ അറിയിച്ചു. സുരക്ഷാകാരണങ്ങളാൽ 300 സൈനികരെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റി.
ബെയ്റൂട്ടിൽ വ്യോമാക്രമണം; 22 മരണം
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു; 117 പേർക്കു പരിക്കേറ്റു. മുന്നറിയിപ്പില്ലാതെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ വാഫിഖ് സാഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇയാൾ ആക്രമണത്തെ അതിജീവിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധിക്കപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ വിശ്വസ്തനായിയിരുന്നു വാഫിഖ് സാഫ.
തെക്കൻ ലബനനിൽ ഇസ്രേലി സേനയും ഹിസ്ബുള്ള ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഹിസ്ബുള്ളകൾ ഇസ്രയേലിലേക്ക് 190 റോക്കറ്റുകൾ തൊടുത്തു.
സമാധാനസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേൽ-ലബനൻ അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് ഇന്ത്യ. ലബനനിലെ യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ എടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ ആവശ്യപ്പെട്ടു.
യുഎൻ കേന്ദ്രങ്ങളുടെ പരിധി ലംഘിക്കാൻ പാടില്ലെന്ന തത്വം മാനിക്കാൻ എല്ലാവരും തയാറകണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണത്തിൽ ലബനനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആവശ്യം. പതിനായിരത്തിലധികം വരുന്ന സമാധാനസേനാംഗങ്ങളിലെ 900 പേർ ഇന്ത്യൻ സൈനികരാണ്.