പാക്കിസ്ഥാനിൽ വ്യത്യസ്ത ബസപകടങ്ങളിൽ 40 മരണം
Monday, August 26, 2024 2:52 AM IST
ഇസ്ലാമാബാദ്/കറാച്ചി: പാക്കിസ്ഥാനിൽ ഇന്നലെയുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 11 തീർഥാടകർ ഉൾപ്പെടെ 40 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ മക്രാൻ തീരദേശ ഹൈവേയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു തെന്നിമാറിയതാണ് ആദ്യ അപകടം. അപകടത്തിൽ 11 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പഞ്ചാബ് പ്രവിശ്യയിലേക്ക് ഇറാനിൽനിന്നുള്ള ഷിയ തീർഥാടകരെ കൊണ്ടുവരികയായിരുന്നു ബസ്. പാക് അധീന കാഷ്മീരിൽ 35 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 29 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നുവെന്നും ഇവരെല്ലാം സാധനോതി ജില്ലയിൽനിന്നുള്ളവരാണെന്നും ഡെപ്യൂട്ടി കമ്മീഷണർ ഉമർ ഫാറൂഖ് പറഞ്ഞു.