യുകെയിലും വടക്കൻ അയർലൻഡിലും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം: നിരവധി പേർ അറസ്റ്റിൽ
Monday, August 5, 2024 12:56 AM IST
ലണ്ടൻ: വടക്കു-പടിഞ്ഞാറൻ ലണ്ടനിലെ സൗത്ത്പോർട്ടിൽ കഴിഞ്ഞയാഴ്ച കത്തിയാക്രമണത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെ യുകെയിലെ വിവിധ ഭാഗങ്ങളിലും വടക്കൻ അയർലൻഡിലും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം. ശനിയാഴ്ച നടന്ന പ്രക്ഷോഭം പലയിടത്തും അക്രമാസക്തമായി. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുടിയേറ്റ വിരുദ്ധ സംഘടനകളുടെയും മുസ്ലിം വിരുദ്ധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു അക്രമം. മാഞ്ചസ്റ്റർ, ബെൽഫാസ്റ്റ്, ലിവർപൂൾ, ബ്രിസ്റ്റൾ തുടങ്ങിയ നഗരങ്ങളിലെല്ലാം അക്രമം അരങ്ങേറി. കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കുകയും തകർക്കുകയും ചെയ്ത അക്രമികൾ ലിവർപൂളിൽ ഒരു ലൈബ്രറി അഗ്നിക്കിരയാക്കുകയും ചെയ്തു.
അക്രമസംഭവങ്ങളെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അപലപിച്ചു. തീവ്ര വലതുപക്ഷക്കാർ ആസൂത്രിതമായി നടത്തിയതാണു അക്രമമെന്നും ഇക്കൂട്ടർ പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.