ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അഹ്മദിനെജാദും മത്സരത്തിന്
Monday, June 3, 2024 3:01 AM IST
ടെഹ്റാൻ: ഇറാനിലെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് ഈ മാസം 28നു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്തു. തീവ്രനിലപാടുകാരനായ അഹ്മദിനെജാദ് 2005 മുതൽ 2013 വരെ പ്രസിഡന്റായിരുന്നു.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ്യുമായി രസക്കേടിലായ നെജാദിനെ 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ഗാർഡിയൻ കൗൺസിൽ വിലക്കി. ഇക്കുറിയും അദ്ദേഹം വിലക്കു നേരിട്ടേക്കാം. രജിസ്റ്റർ ചെയ്തവരിൽ മത്സരിക്കാൻ യോഗ്യതയുണ്ടോ എന്നു നിശ്ചയിക്കുന്നത് ഗാർഡിയൻ കൗൺസിലാണ്. പ്രസിഡന്റ് ഇബ്രാഹിം റെയ്സി കഴിഞ്ഞമാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.