ഇഷാഖ് ദാർ പാക് ഉപപ്രധാനമന്ത്രി
Monday, April 29, 2024 12:39 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്(പിഎംഎൽ-എൻ) പാർട്ടിക്കാരനാണു ദാർ. എഴുപത്തിമൂന്നുകാരനായ ദാർ ചാർട്ടേഡ് അക്കൗണ്ടന്റാണ്.
ഷരീഫ്കുടുംബത്തിന്റെ അടുപ്പക്കാരനായ ദാർ കഴിഞ്ഞ നാലു സർക്കാരുകളിൽ ധനമന്ത്രിയായിരുന്നു. സാന്പത്തികവിഷയങ്ങളിൽ വിദഗ്ധനാണ് ഇദ്ദേഹം.
ഷരീഫ് കുടുംബമായി വിവാഹബന്ധമുള്ളയാളാണ് ദാർ. ഇദ്ദേഹത്തിന്റെ മകൻ നവാസ് ഷരീഫിന്റെ മകളുടെ ഭർത്താവാണ്. പാക്കിസ്ഥാനിൽ രണ്ടാം തവണയാണ് ഉപപ്രധാനമന്ത്രിയെ നിയമിക്കുന്നത്. 2012 ജൂൺ 25 മുതൽ 2013 ജൂൺ 29 വരെ ചൗധരി പർവേസ് ഇലാഹി പാക് ഉപപ്രധാനമന്ത്രിയായിരുന്നു.