ചാരപ്പണി: യുഎസ് നയതന്ത്രജ്ഞന് 15 വർഷം തടവ്
Sunday, April 14, 2024 2:10 AM IST
മയാമി: ക്യൂബയ്ക്കുവേണ്ടി നാല്പതു വർഷം ചാരപ്പണി ചെയ്ത മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ വിക്ടർ മാനുവൽ റോച്ച(73)യ്ക്ക് മയാമി കോടതി 15 വർഷം തടവും അഞ്ചു ലക്ഷം ഡോളർ പിഴയും വിധിച്ചു. നേരത്തേ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു.
1981 മുതൽ ക്യൂബയ്ക്കു രഹസ്യങ്ങൾ ചോർത്തി നല്കിയ റോച്ച കഴിഞ്ഞ വർഷം ഡിസംബറിലാണ് അറസ്റ്റിലാകുന്നത്. കൊളംബിയയിൽ ജനിച്ച് ഹാർവർഡ്, യേൽ സർവകലാശാലകളിൽ പഠിച്ച അദ്ദേഹം 1999 മുതൽ 2022 വരെ അമേരിക്കയുടെ കൊളംബിയൻ അംബാസഡറായിരുന്നു.
യുഎസ് ദേശീയ സുരക്ഷാ സമിതി അംഗം, യുഎസ് മിലിട്ടറിയിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള തെക്കൻ കമാൻഡിന്റെ കൺസൽട്ടന്റ് പദവികളും വഹിച്ചിട്ടുണ്ട്.
ഒരു വർഷം നീണ്ട രഹസ്യനിരീണത്തിനൊടുവിലാണ് എഫ്ബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അമേരിക്കയ്ക്കു നേർക്കുണ്ടായ ഏറ്റവും വലിയ ചാരപ്രവർത്തനങ്ങളിലൊന്നായിട്ടാണ് കേസിനെ പരിഗണിക്കുന്നത്.