ഇറാന്റെ ആക്രമണം; ഇസ്രയേലിന് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് ബൈഡൻ
Friday, April 12, 2024 2:08 AM IST
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആക്രമണത്തിൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കാൻ അമേരിക്ക കഴിയാവുന്നതെല്ലാം ചെയ്യുമെന്നു പ്രസിഡന്റ് ജോ ബൈഡൻ.
ഇറാനിൽനിന്നും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽനിന്നും ഇസ്രയേലിനു സംരക്ഷണം നല്കുന്നതിൽ അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഇരുന്പുപോലെ ഉറച്ചതാണെന്നു പ്രധാനമന്ത്രി നെതന്യാഹുവിനോടു പറഞ്ഞതായി ബൈഡൻ അറിയിച്ചു.
ഏപ്രിൽ ഒന്നിന് ഇസ്രയേൽ സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ചതിനുള്ള ഇറാന്റെ പ്രതികാരം ഉടൻ ഉണ്ടാകുമെന്നാണു പാശ്ചാത്യ റിപ്പോർട്ടുകൾ. ഇറാനിലെ മുതിർന്ന സൈനിക കമാൻഡർമാർ അടക്കം 13 പേരാണ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രത്യാക്രമണത്തിനായി റംസാൻ കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നുവത്രേ ഇറാൻ. എംബസി ആക്രമണം ഇറാനു നേർക്കുള്ള ആക്രമണമാണെന്നും ഇസ്രയേലിനു ശിക്ഷ നല്കുമെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ് റംസാൻ സന്ദേശത്തിൽ ഭീഷണി മുഴക്കി.
ഇസ്രയേലുമായി വലിയൊരു ഏറ്റുമുട്ടലിനുള്ള സൈനികശേഷി ഇറാനില്ല. ഇറാൻ നേരിട്ടോ, ലബനനിലെ ഹിസ്ബുള്ളയെ ഉപയോഗിച്ചോ ഇസ്രയേലിനു നേർക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയേക്കാമെന്നാണു യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ നല്കുന്ന സൂചന. ഏതെങ്കിലും രാജ്യത്തെ ഇസ്രേലി നയതന്ത്ര കാര്യാലയങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇസ്രയേലിനു നേർക്ക് സൈബർ ആക്രമണവും ഉണ്ടായേക്കാം.
ആക്രമണം തടയാനുള്ള ഒരുക്കങ്ങൾ ഇസ്രയേലും സ്വീകരിക്കുന്നുണ്ട്. സൈനികരുടെ അവധി റദ്ദാക്കി. യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ ഇസ്രയേലിനെ സഹായിക്കുന്നുണ്ട്.
ആക്രമണത്തിനു മുതിർന്നാൽ ഇറാനിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി.
ഇറാന്റെ ആണവ സംവിധാനങ്ങളെ ആക്രമിക്കാനുള്ള പദ്ധതി ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്നാണു സൂചന.
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായി അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇസ്രയേലിന്റെ സുരക്ഷയിൽ അമേരിക്ക ഒപ്പമുണ്ടാകുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.