രാജീവ് ഗാന്ധി വധം: മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി
Thursday, April 4, 2024 3:03 AM IST
കൊളംബോ/ചെന്നൈ: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ജയിൽമോചിതരായ രാജീവ് ഗാന്ധി വധക്കേസിലെ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി.
മൂന്നു പതിറ്റാണ്ടോളം നീണ്ട ജയിൽവാസത്തിനുശേഷം മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നീ പ്രതികളാണ് ശ്രീലങ്കയിൽ തിരിച്ചെത്തിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ചെന്നൈയിൽനിന്നുള്ള വിമാനത്തിലാണ് ഇവർ കൊളംബോയിലെത്തിയത്. തുടർന്ന് കൊളംബോ പോലീസ് മൂവരുടെയും മൊഴി രേഖപ്പെടുത്തി.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ 2022 നവംബറിലാണു സുപ്രീംകോടതി മോചിപ്പിച്ചത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാന്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിൽ ശാന്തൻ എന്ന പ്രതി വൃക്കരോഗത്തെത്തുടർന്ന് കഴിഞ്ഞ മാസം ഒന്നിനു മരണമടഞ്ഞു. മോചിതരായ പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവർ ഇന്ത്യക്കാരാണ്.